ഹൈദരാബാദ്: പേടിഎം ലോണ്‍ റിക്കവറി ഏജൻ്റുമാർ യുവാക്കളെ ഭീഷണിപ്പെടുത്തിയതായി പരാതി. ലോൺ തിരിച്ചടയ്‌ക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് ഭീഷണി. ഗുർറൻഗുഡ സ്വദേശികളായ ഇരുഗണ്ട്ല അശോക് ഡേവിഡ് എന്നിവരെയാണ് ഭീഷണിപ്പെടുത്തിയത്. ഇരുവരും ബദംഗ്പേട്ടിൽ ബേക്കറി നടത്തിവരുകയാണ്.
സംഭവത്തെക്കുറിച്ച് ഇൻസ്പെക്‌ടർ കാശി വിശ്വനാഥ് നൽകിയ വിവരങ്ങൾ ഇങ്ങനെ... ബേക്കറിയുടെ ആവശ്യത്തിനായി ഇവര്‍ പേടിഎമ്മിൽ നിന്ന് ആറുലക്ഷം രൂപ വായ്‌പ്പയെടുത്തിരുന്നു. 1.60 ലക്ഷം രൂപ പല തവണകളായി തിരിച്ചടയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ ബേക്കറി നഷ്‌ടമുണ്ടായത് കാരണം ബാക്കി തുക അടക്കാനായില്ല.
വെള്ളിയാഴ്‌ചയാണ് പേടിഎം ഏജന്‍റുമാര്‍ ഭീഷണിയുമായി എത്തുന്നത്. ഡേവിഡും അശോകും ബദംഗ്‌പേട്ടിലെ ഒരു റസ്‌റ്റോറന്‍റിലിരിക്കെ ഇവിടെ എത്തിയ പേടിഎം റിക്കവറി ഏജന്‍റുമാര്‍ കത്തികാട്ടിയാണ് ഭീഷണി ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് ഇരുവരും മീർപേട്ട് പൊലീസില്‍ പരാതിയുമായി എത്തുകയായിരുന്നു.