പട്‌ന : നാല് വയസുകാരനായ വിദ്യാർഥിയെ സ്‌കൂളില്‍ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാര്‍ വിദ്യാലയത്തിന് തീയിട്ടു. ബിഹാറിലെ പട്‌നയിലാണ് സംഭവം. വ്യാഴാഴ്‌ച രാത്രിയോടെയാണ് വിദ്യാര്‍ഥിയെ സ്‌കൂളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്‌ച ഏറെ വൈകിയിട്ടും കുട്ടി സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയില്ല. തുടര്‍ന്ന് വീട്ടുകാർ സ്‌കൂളില്‍ വിളിച്ചന്വേഷിച്ചു. സ്‌കൂള്‍ അധികൃതർക്ക് കുട്ടിയെ പറ്റി വിവരമൊന്നുമില്ലെന്നായിരുന്നു പ്രതികരണം. കുട്ടിയുടെ രക്ഷിതാക്കള്‍ തെരച്ചിൽ നടത്തുന്നതിനിടെയാണ് രാത്രിയിൽ സ്‌കൂളിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
രോഷാകുലരായ കുടുംബാംഗങ്ങളും നാട്ടുകാരും ഇന്ന് (17-05-2024) രാവിലെ സ്‌കൂളിന് പുറത്ത് തടിച്ചുകൂടി കെട്ടിടത്തിന് തീയിടുകയായിരുന്നു. ഇവര്‍ റോഡിൽ ടയറുകൾ കത്തിച്ച് ഗതാഗതം തടസപ്പെടുത്താന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കിയെന്നും പൊലീസ് അറിയിച്ചു.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
സംഭവ സ്ഥലത്തുനിന്ന് ശേഖരിച്ച എല്ലാ തെളിവുകളും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര അറിയിച്ചു. സംഭവത്തെക്കുറിച്ച് ജില്ല വിദ്യാഭ്യാസ ഓഫീസർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.