മുംബൈ (മഹാരാഷ്ട്ര) : വിമാനത്തിലെ എസി പ്രവർത്തിക്കാത്തതിനെ തുടര്‍ന്ന് നിരവധി യാത്രക്കാർക്ക് ശ്വാസതടസം അനുഭവപ്പട്ടു. മുംബൈയിൽ നിന്ന് മൗറീഷ്യസിലേക്കുള്ള വിമാനത്തിലെ എസി പ്രവർത്തനരഹിതമായതിനെ തുടർന്നാണ് യാത്രക്കാർക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. വിമാനം പറന്നുയരുന്നതിന് മുമ്പ് വന്ന പ്രശ്‌നമായതുകൊണ്ട് സര്‍വീസ് റദ്ദാക്കി.
മുംബൈയിൽ നിന്ന് മൗറീഷ്യസിലേക്കുള്ള എയർ മൗറീഷ്യസ് വിമാനമായ എംകെ 749 ൻ്റെ എസി പ്രവർത്തിക്കാത്തതിനാലാണ് യാത്രക്കാരായ നിരവധി കുട്ടികൾക്കും പ്രായമായവർക്കും ശ്വാസതടസം നേരിട്ടത്. ഇന്ന് (24.02.2024) പുലർച്ചെ 4.30 ന് മുംബൈ വിമാനത്താവളത്തിൽ നിന്ന് മൗറീഷ്യസിലേക്ക് പോകേണ്ടതായിരുന്നു വിമാനം. അതിനായി 3.45ന് യാത്രക്കാരെ കയറ്റി.
എന്നാൽ വിമാനത്തിൻ്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് അകത്തുള്ള എസി നിലച്ചു. ഇതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. ഇറങ്ങാൻ അനുവദിക്കാതിരുന്നതിനാല്‍ യാത്രക്കാർ അഞ്ച് മണിക്കൂറിലേറെ വിമാനത്തിനുള്ളിൽ കുടുങ്ങി. ഇതിനിടെ വിമാനത്തിലെ യാത്രക്കാർക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയത്.
സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്താണ് വിമാനത്തിന്‍റെ യാത്ര റദ്ദാക്കാൻ എയർലൈൻ തീരുമാനിച്ചത്. വിമാനത്താവളത്തിൽ നിന്ന യാത്രക്കാർക്ക് ആവശ്യമായ മറ്റ് സൗകര്യങ്ങൾ ഒരുക്കിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. രോഷകരമായ പ്രതികരണങ്ങളാണ് സംഭവത്തിന് പിന്നാലെ യാത്രക്കാരിൽ നിന്ന് ഉയരുന്നത്. കുട്ടികളും മുതിർന്ന പൗരന്മാരും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ചവരും യാത്രികരിൽ ഉൾപ്പെടുന്നു.
Also read : കാനഡയിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ തീപ്പൊരി; അടിയന്തരമായി നിലത്തിറക്കി