ആനന്ദ്(ഗുജറാത്ത്) : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന് അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും അതിലൂടെ ഒരു ദുര്‍ബല സര്‍ക്കാരിനെ അവര്‍ താത്പര്യപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് കോണ്‍ഗ്രസ് ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഒരു മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് പോലും അവരെ കണ്ടെത്താനാകില്ല.
കോണ്‍ഗ്രസ് ഇവിടെ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ പാകിസ്ഥാനില്‍ അവര്‍ക്ക് വേണ്ടി വലിയ പ്രാര്‍ത്ഥന നടക്കുന്നു എന്നതാണ് രസകരമായ കാര്യം. രാജകുമാരനെ പ്രധാനമന്ത്രിയായി കാണമെന്നാണ് പാകിസ്ഥാന്‍റെ ആഗ്രഹം. കോണ്‍ഗ്രസ് പാകിസ്ഥാന്‍റെ ഏറ്റവും വലിയ പ്രശംസകര്‍ ആണ്. പാകിസ്ഥാനും കോണ്‍ഗ്രസുമായുള്ള ഇടപാടുകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യയില്‍ ഇന്നുള്ളത് പോലെ ശക്തമായ ഒരു സര്‍ക്കാര്‍ വേണമെന്ന് ശത്രുക്കള്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് വേണ്ടത് 26/11 ആക്രമണം ഉണ്ടായപ്പോള്‍ അധികാരത്തിലിരുന്നത് പോലുള്ള ദുര്‍ബലമായ സര്‍ക്കാരിനെയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്ത്, ബിജെപിയുടെ ശക്തമായ കോട്ടയാണ്. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളും സ്വന്തമാക്കാന്‍ അവര്‍ക്കായി.
Also Read: 400 സീറ്റെന്നത് തമാശ, 300 അസാധ്യം, 200 സീറ്റ് പോലും ബിജെപിക്ക് വെല്ലുവിളി': ശശി തരൂർ
ഈ മാസം ഏഴിനാണ് സംസ്ഥാനത്തെ 26 മണ്ഡലത്തില്‍ 25ലും വോട്ടെടുപ്പ്. സൂറത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് നികേഷ് കുംഭാനിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെയാണ് മുകേഷ് വിജയിച്ചത്. നികേഷിന്‍റെ നാമനിര്‍ദ്ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍, ഇദ്ദേഹത്തെ പിന്തുണച്ചവര്‍ ഒപ്പ് വയ്ക്കാത്തതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്.