ന്യൂഡൽഹി: 2025 ലെ പത്മ അവാർഡുകൾക്കുള്ള നോമിനേഷനുകൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആണ്. പത്മ അവാർഡുകൾക്കുള്ള നോമിനേഷനുകളും ശുപാർശകളും രാഷ്‌ട്രീയ പുരസ്‌കാർ പോർട്ടലിൽ (https://awards.gov.in) ഓൺലൈനായി സ്വീകരിക്കും. അടുത്ത വർഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാകും അവാര്‍ഡുകൾ പ്രഖ്യാപിക്കുക.
പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയ പത്മ പുരസ്‌കാരങ്ങൾ രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരങ്ങളിൽ ഒന്നാണ്. 1954 ൽ സ്ഥാപിച്ച ഈ അവാർഡുകൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിക്കുന്നത്.
കല, സാഹിത്യം, വിദ്യാഭ്യാസം, സ്‌പോർട്‌സ്, മെഡിസിൻ, സോഷ്യൽ വർക്ക്, സയൻസ് ആൻഡ് എഞ്ചിനീയറിങ്, പബ്ലിക് അഫയേഴ്‌സ്, സിവിൽ തുടങ്ങിയ എല്ലാ മേഖലകളിലും മികച്ചതും അസാധാരണവുമായ നേട്ടങ്ങൾ അല്ലെങ്കില്‍ സേവനം കാഴ്‌ചവെച്ചവര്‍ക്കാണ് അവാർഡ് നൽകുന്നത്.
വംശം, തൊഴിൽ, സ്ഥാനം അല്ലെങ്കിൽ ലിംഗ വ്യത്യാസമില്ലാതെ എല്ലാ വ്യക്തികളും ഈ അവാർഡുകൾക്ക് അർഹരാണ്. ഡോക്‌ടർമാരും ശാസ്‌ത്രജ്ഞരും ഒഴികെയുള്ള സർക്കാർ ഉദ്യോഗസ്ഥർ പത്മ അവാർഡിന് അർഹരല്ല.
ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റില്‍ 'അവാർഡ്‌സ് ആന്‍ഡ് മെഡല്‍സ്' എന്ന തലക്കെട്ടിന് കീഴിലും പത്മ അവാർഡ് പോർട്ടലിലും ലഭ്യമാണ്. ചട്ടങ്ങളും നിയമങ്ങളും ഇതേ വെബ്‌സൈറ്റിൽ ലഭ്യമാണ്.