ന്യൂഡൽഹി : കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ പി ചിദംബരം. ജയശങ്കറിന്‍റെ 'സമർസോൾട്ട്' ഒന്നിലധികം ട്വീറ്റുകളിലായി ചിദംബരം ചോദ്യം ചെയ്‌തു. 2015 ലെ വിവരാവകാശ നിയമം വിദേശകാര്യ മന്ത്രി പരിശോധിക്കണമെന്നും ചിദംബരം പറഞ്ഞു.
'Tit for tat പഴയ രീതിയാണ്. ട്വീറ്റ് ഫോർ ട്വീറ്റ് ആണ് പുതിയ ആയുധം. വിദേശകാര്യ മന്ത്രി മിസ്‌റ്റർ ജയശങ്കർ ദയവായി 27-1-2015 ലെ ആര്‍ടിഐ മറുപടി പരിശോധിക്കുക. 27-1-2015 ന് ജയശങ്കർ ഫിനാന്‍സ് മിനിസ്‌റ്റര്‍ ആയിരുന്നു എന്നാണ് ഞാൻ കരുതുന്നത്. കച്ചത്തീവ് ശ്രീലങ്കയുടേതാണെന്ന് ഇന്ത്യ അംഗീകരിച്ച സാഹചര്യത്തെ ന്യായീകരിക്കുന്നതാണ് ആര്‍ടിഐ മറുപടി. എന്തിനാണ് വിദേശകാര്യ മന്ത്രിയും അദ്ദേഹത്തിന്‍റെ മന്ത്രാലയവും ഇപ്പോൾ ഇതില്‍ ചാടി വീഴുന്നത്? എത്ര പെട്ടെന്നാണ് ആളുകൾക്ക് നിറം മാറാൻ കഴിയുന്നത്.' ചിദംബരം ട്വീറ്റ് ചെയ്‌തു.
കഴിഞ്ഞ 50 വർഷത്തിനിടെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളും ലങ്കൻ മത്സ്യത്തൊഴിലാളികളും തടവിലാക്കപ്പെട്ടിട്ടുണ്ടെന്ന് ചിദംബരം മറ്റൊരു ട്വീറ്റിൽ പറഞ്ഞു. 'കഴിഞ്ഞ 50 വർഷമായി മത്സ്യത്തൊഴിലാളികളെ തടവിലാക്കിയിട്ടുണ്ട് എന്നത് ശരിയാണ്. അതുപോലെ തന്നെ ഇന്ത്യയും നിരവധി ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ തടവിലാക്കിയിട്ടുണ്ട്.
എല്ലാ സർക്കാരുകളും ശ്രീലങ്കയുമായി ചർച്ച നടത്തി നമ്മുടെ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചിട്ടുമുണ്ട്. ജയശങ്കർ വിദേശകാര്യ ഉദ്യോഗസ്ഥനായിരിക്കുമ്പോഴും വിദേശകാര്യ സെക്രട്ടറി ആയപ്പോഴും വിദേശകാര്യ മന്ത്രി ആയിരിക്കുമ്പോഴും ഇതെല്ലാം നടന്നിട്ടുണ്ട്.
കോൺഗ്രസിനും ഡിഎംകെയ്ക്കും എതിരെ ജയശങ്കറിന് ഇപ്പോള്‍ ആരോപണം ഉന്നയിക്കാന്‍ മാത്രം എന്താണ് ഉണ്ടായത്? വാജ്‌പേയ് പ്രധാന മന്ത്രിയായിരിക്കുമ്പോഴും ബിജെപി അധികാരത്തിലിരിക്കുമ്പോഴും വിവിധ രാഷ്‌ട്രീയ പാർട്ടികളുമായി സഖ്യത്തിലായിരുന്നപ്പോഴുമെല്ലാം മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക തടവിലാക്കിയിട്ടില്ലേ? 2014 മുതൽ മോദി അധികാരത്തിലിരുന്നപ്പോൾ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക തടവിലാക്കിയിരുന്നില്ലേ? ചിദംബരം ട്വീറ്റില്‍ ചോദിച്ചു.
കഴിഞ്ഞ 20 വർഷത്തിനിടെ 6,184 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക തടവിലാക്കിയിട്ടുണ്ടെന്നും 1,175 ഇന്ത്യൻ മത്സ്യബന്ധന കപ്പലുകൾ പിടിച്ചെടുക്കുകയോ തടവിലാക്കുകയോ ചെയ്‌തിട്ടുണ്ടെന്നുമായിരുന്നു ജയശങ്കർ ഡൽഹിയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞത്. ജവഹർലാൽ നെഹ്‌റു കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ജയശങ്കർ പറഞ്ഞിരുന്നു. കച്ചത്തീവ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡിഎംകെയ്‌ക്കെതിരെ ട്വീറ്റ് ചെയ്‌തിരുന്നു.