ന്യൂഡൽഹി: കേന്ദ്ര സർക്കാർ അഖിലേന്ത്യ പരീക്ഷകൾ ഉപേക്ഷിക്കേണ്ടതുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ പി ചിദംബരം. മെഡിക്കൽ കോളജ് പ്രവേശനത്തിനുള്ള പരീക്ഷകൾ നടത്താനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് തിരികെ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്ത ഏജന്‍സിയായ എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പരാമര്‍ശം.
'നീറ്റ് ഒരു അഴിമതിയാണ്. ഞങ്ങൾ ഇത് കഴിഞ്ഞ 3-4 വർഷമായി പറയുന്നു. സംസ്ഥാനത്തെ നീറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭയിൽ പ്രമേയം പാസാക്കി. സര്‍ക്കാര്‍ കോളജുകളിലേക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷ നടത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കുണ്ടായിരിക്കണം.
ഇത് വളരെ വലിയ രാജ്യമാണ്. നിരവധി ഉദ്യോഗാർഥികൾ ഇവിടെ പരീക്ഷ എഴുതുന്നുണ്ട്. നിരവധി ആളുകൾ ഈ സംവിധാനം ചൂഷണം ചെയ്യാൻ താത്പര്യപ്പെടുന്നുണ്ട്. സർക്കാർ ഈ അഖിലേന്ത്യ പരീക്ഷ സംവിധാനം ഉപേക്ഷിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തേണ്ടതുണ്ട്'- പി ചിദംബരം പറഞ്ഞു. നീറ്റ് യുജി പരീക്ഷയില്‍ നടന്ന ക്രമക്കേടിന്‍റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
ജൂലൈ ഒന്നിന് നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമങ്ങളെയും പി ചിദംബരം വിമര്‍ശിച്ചു. ഇന്ത്യൻ ശിക്ഷ നിയമത്തിന്‍റെയും (ഐപിസി) ക്രിമിനൽ പ്രൊസീജ്യർ കോഡിന്‍റെയും (സിആർപിസി) 90-95 ശതമാനവും പുതിയ നിയമത്തില്‍ വെട്ടി ഒട്ടിച്ചിട്ടുണ്ടെന്നും ഇന്ത്യൻ തെളിവ് നിയമത്തിന്‍റെ 99 ശതമാനവും കട്ട് ആന്‍ഡ് പേസ്‌റ്റ് ആണെന്നും ചിദംബരം പറഞ്ഞു. ഈ വിഷയങ്ങളിൽ ഈ മാസം അവസാനത്തോടെ കോൺക്ലേവ് നടത്താനാണ് കോൺഗ്രസിന്‍റെ നിയമ-മനുഷ്യാവകാശ വകുപ്പ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.