കട്ടക്ക് (ഒഡിഷ): രാജ്യത്തിന്‍റെ 78 -ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒഡിഷയിൽ ആർത്തവ അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സ്വകാര്യ മേഖലയിലെയും, സർക്കാർ മേഖലയിലെയും ജീവനക്കാർക്ക് ഇനി മുതൽ ഒരു ദിവസത്തെ ആർത്തവ അവധി ലഭിക്കും. കട്ടക്കിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിദയാണ് ഇക്കാര്യം അറിയിച്ചത്.
സർക്കാർ, സ്വകാര്യ മേഖലകളിലെ വനിത ജീവനക്കാർക്ക് ആർത്തവം ആരംഭിക്കുന്നതിന്‍റെ ആദ്യ ദിവസമോ രണ്ടാം ദിവസമോ അവധി ലഭിക്കും. 'നേരത്തെ സംസ്ഥാനത്ത് ആർത്തവ അവധി അനുവദിച്ചിരുന്നില്ല. എന്നാൽ ഇനി മുതൽ വനിതാ ജീവനക്കാർക്ക് ആർത്തവം ആരംഭിക്കുന്നതിന്‍റെ ആദ്യ ദിവസമോ രണ്ടാം ദിവസമോ അവധി ലഭിക്കും. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ജീവനക്കാർക്ക് ഈ അവധി ലഭിക്കും' - പ്രവതി പരിദ പറഞ്ഞു.
നേരത്തെ, സംബൽപൂരിൽ നിന്നുള്ള ഒഡിയ സ്വദേശിനി രഞ്ജീത പ്രിയദർശിനി തൊഴിൽ വകുപ്പ് മന്ത്രിയെ അഭിസംബോധന ചെയ്‌ത് സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ വനിതാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന ആവശ്യമുന്നയിച്ച് ഓൺലൈൻ ക്യാമ്പെയ്ൻ നടത്തിയിരുന്നു.
Also Read: 78-ാം സ്വാതന്ത്ര്യ ദിനം: രാജ്യത്തിന്‍റെ വാസ്‌തുവിദ്യയ്‌ക്ക് ആദരം, പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍