ഡൽഹി: നീറ്റ് യുജി 2024 പരീക്ഷയുടെ ക്രമക്കേട് സംബന്ധിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് വിശദീകരണം തേടി സുപ്രീം കോടതി. ഒഎംആർ ഷീറ്റുകളിലെ മാർക്കിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടന്ന് നൽകിയ ഹർജിയിലാണ് കോടതി പ്രതികരണം തേടിയത്.
ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഇത് സംബന്ധിച്ച് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ ജൂലൈ 8 ന് അടുത്ത വാദം കേൾക്കുന്നതിന് മുൻപായി വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു.
ലേണിങ്ങ് ആപ്പായ സൈലം ലേണിങ്ങ് നൽകിയ ഹർജിയിൽ ഒഎംആർ ഷീറ്റുകളുമായി ബന്ധപ്പെട്ട പരാതി ഉന്നയിക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച വിഷയവും ഉന്നയിച്ചിരുന്നു. "ഒഎംആർ ഷീറ്റുകൾ നൽകുന്നതിന് സമയപരിധി ഉണ്ടെങ്കിൽ കോടതിയെ അറിയിക്കണം. അതുകൂടെ കേസിൽ ഉൾപ്പെടുത്തും. ഇക്കാര്യത്തിൽ എൻടിഎ നിർദ്ദേശങ്ങൾ തേടട്ടെ." എന്നും ബെഞ്ച് പറഞ്ഞു.
അതേസമയം വിഷയത്തിൽ കോച്ചിങ്ങ് സെൻ്ററുകൾ ഹരജി നൽകിയത്തിനെ ചോദ്യം ചെയ്‌ത ബെഞ്ച് കോച്ചിങ്ങ് സെൻ്ററുകൾക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും നിരീക്ഷിച്ചു. എന്നാൽ ഒഎംആർ ഷീറ്റ് ലഭിക്കേണ്ട വിദ്യാർഥികളും ഹർജിക്കാരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് മറുപടി നൽകി.
മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 ന്‍റെ ചോദ്യപ്പേപ്പർ ചോർന്നതും അപാകതയും ചൂണ്ടിക്കാട്ടി ഫലം റദ്ദാക്കാനും പരീക്ഷ വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് നിരവധി ഹർജികളാണ് ഇതിനോടകം തന്നെ സുപ്രീം കോടതിയിൽ സമർപ്പിച്ചത്.