ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ജനറൽ മാനേജരെ സിബിഐ അറസ്റ്റ് ചെയ്‌തു.(CBI arrested a general manager of National Highways Authority of India (NHAI) in bribery case). ഭോപ്പാൽ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ബൻസാൽ കൺസ്ട്രക്ഷൻ വർക്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരനിൽ നിന്നാണ് പ്രോജക്‌ട് ഡയറക്‌ടർ കൂടിയായ അരവിന്ദ് കാലെ കൈക്കൂലി വാങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു.
അരവിന്ദ് കാലെയുടെ ഭോപ്പാലിലെയും നാഗ്‌പൂരിലെയും താമസ സ്ഥലങ്ങളിലും ഓഫീസിലും ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തി. കൈക്കൂലി വാങ്ങിയ 20 ലക്ഷം ഉൾപ്പെടെ 45 ലക്ഷം രൂപ കണ്ടെടുത്തു. സംഭവത്തില്‍ കാലേയ്‌ക്കെതിരെയും കൈക്കൂലി നല്‍കിയ കമ്പനി ഡയറക്‌ടറുള്‍പ്പടെ മറ്റ് 11 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും നിർമാണ പ്രവർത്തനങ്ങള്‍ നടത്തുന്ന കമ്പനിയുടെ ഡയറക്‌ടർ, കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ബില്ലുകൾ പ്രോസസ്സ് ചെയ്യൽ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ നടത്തിയെടുക്കാനായി എൻഎച്ച്എഐ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതായി സിബിഐക്ക് സൂചന ലഭിച്ചിരുന്നു. സ്ഥാപനത്തിലെ ജീവനക്കാർ മുഖേനയാണ് കൈക്കൂലി നല്‍കിയിരുന്നത്. എൻഎച്ച്എഐയുടെ വിവിധ റോഡ് പദ്ധതികളുടെ കരാറുകൾ കമ്പനിക്ക് നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. പണത്തിന് പുറമെ, മറ്റു ചില രേഖകളും പരിശോധനയിൽ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read : ബിജെപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം,വെടിവെപ്പ്; ഒരാള്‍ക്ക് പരിക്കേറ്റു