ന്യൂഡൽഹി: ഇന്ന് പ്രാബല്യത്തില്‍ വന്ന പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഡല്‍ഹിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പോസ്റ്ററുകൾ പതിച്ചു. ഡൽഹിയിലെ കൊണാട്ട് പ്ലേസ്, തുഗ്ലക് റോഡ്, തുഗ്ലക്കാബാദ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പുതിയ നിയമങ്ങളെക്കുറിച്ചും അവ കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
2023ലെ ശീതകാല സമ്മേളനത്തിലാണ് മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) 2023, ഭാരതീയ നാഗരിക് സുരക്ഷ സൻഹിത (ബിഎൻഎസ്എസ്) 2023, ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നിവ പാർലമെന്‍റ് പാസാക്കുന്നത്. ഇന്ത്യൻ പീനൽ കോഡിന് (ഐപിസി) പകരം ഭാരതീയ ന്യായ സൻഹിതയും, സിആർപിസിക്ക് പകരം നാഗരിക് സുരക്ഷ സൻഹിതയും, ഇന്ത്യൻ എവിഡൻസ് ആക്‌ടിന് പകരം ഭാരതീയ സാക്ഷ്യ അധീനിയവും ആണ് ഇനിയുണ്ടാവുക. അന്വേഷണത്തിലും വിചാരണയിലും കോടതി നടപടികളിലും സാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നൽകുന്നതാണ് പുതിയ ക്രിമിനൽ നിയമങ്ങൾ.
ഐപിസിയുടെ 511 വകുപ്പുകൾക്ക് പകരം ഇനി ഭാരതീയ ന്യായ സംഹിതയിൽ 358 വകുപ്പുകളുണ്ടാകും. ന്യായ സൻഹിതയിൽ ആകെ 20 പുതിയ കുറ്റകൃത്യങ്ങൾ ചേർത്തിട്ടുണ്ട്. 33 കുറ്റകൃത്യങ്ങൾക്കുള്ള തടവുശിക്ഷ വർധിപ്പിച്ചു.
83 കുറ്റകൃത്യങ്ങളിൽ പിഴ തുക വർധിപ്പിക്കുകയും 23 കുറ്റകൃത്യങ്ങളിൽ നിർബന്ധിത മിനിമം ശിക്ഷ നടപ്പാക്കുകയും ചെയ്‌തിട്ടുണ്ട്. ആറ് കുറ്റകൃത്യങ്ങളിൽ കമ്മ്യൂണിറ്റി സേവനത്തിനുള്ള ശിക്ഷ കൊണ്ടുവരികയും നിയമത്തിൽ 19 വകുപ്പുകൾ റദ്ദാക്കുകയോ നീക്കം ചെയ്യുകയോ ചെയ്‌തിട്ടുണ്ട്.
സിആർപിസിയുടെ 484 വിഭാഗങ്ങൾക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷ സൻഹിതയിൽ 531 വിഭാഗങ്ങളുണ്ട്. 177 വ്യവസ്ഥകൾ മാറ്റി ഒമ്പത് പുതിയ വിഭാഗങ്ങളും 39 പുതിയ ഉപവിഭാഗങ്ങളും ചേർത്തിട്ടുണ്ട്. 35 വിഭാഗങ്ങളിലേക്ക് ടൈംലൈനുകളും 35 സ്ഥലങ്ങളിൽ ഓഡിയോ - വീഡിയോ പ്രൊവിഷനും ചേർത്തിട്ടുണ്ട്.
സുരക്ഷ സംഹിതയിൽ ആകെ 14 വകുപ്പുകൾ റദ്ദാക്കി. ഭാരതീയ സാക്ഷ്യ അധീനിയത്തിൽ 170 വ്യവസ്ഥകളാണ് ഉള്ളത്. രണ്ട് പുതിയ വ്യവസ്ഥകളും ആറ് ഉപ വ്യവസ്ഥകളും കൂട്ടിച്ചേർത്തിട്ടുണ്ട്. ആറ് വ്യവസ്ഥകൾ റദ്ദാക്കിയിട്ടുണ്ട്.
ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഭാരതീയ ന്യായ സൻഹിത 'സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ' എന്ന പേരിൽ പുതിയ അധ്യായം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ നൽകുന്നതിനുള്ള വ്യവസ്ഥയും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ കൂട്ടബലാത്സംഗ കേസുകളിലും 20 വർഷം തടവോ ജീവപര്യന്തം തടവോ നൽകും. ഭാരതീയ ന്യായ സൻഹിതയിൽ ഭീകരതയെ ശിക്ഷാർഹമായ കുറ്റമാക്കിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലം പരിഗണിക്കാതെ എവിടെയും എഫ്ഐആർ രജിസ്റ്റർ ചെയ്യാനുമാകും.
Also Read: പുതുതായി ഭേദഗതി ചെയ്‌ത ക്രിമിനൽ നിയമ ബില്ലുകള്‍ക്കെതിരെ സുപ്രീം കോടതിയിൽ ഹർജി