ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷ ഫലം പുറത്ത്. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കുള്ള ഫലമാണ് എൻടിഎ പ്രസിദ്ധീകരിച്ചത്. https://exams.nta.ac.in/NEET/ എന്ന വെബ്സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഇതോടെ ഈ വർഷം പരീക്ഷ എഴുതിയ എല്ല വിദ്യാർഥികളുടെയും പുതുക്കിയ സ്‌കോർ കാർഡുകൾ വെബ്‌സൈറ്റിൽ ലഭ്യമാകും.
1563 പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയതും 67 പേര്‍ ഒന്നാം റാങ്കിന് അര്‍ഹരായതും രാജ്യത്ത് വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിയൊരുക്കിയത്. ഈ സാഹചര്യത്തിലായിരുന്നു പുനഃപരീക്ഷ. ജൂണ്‍ 23നായിരുന്നു പുനഃപരീക്ഷ നടന്നത്. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേരിൽ 813 പേരായിരുന്നു പരീക്ഷയെഴുതിയത്.
ജൂൺ 4 ന് പ്രഖ്യാപിച്ച നീറ്റ് ഫലത്തില്‍, 720 മാര്‍ക്കിൽ 720 ഉം നേടി 67 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. എന്നാൽ ഇത് മാർക്കിങ് സമ്പ്രദായത്തെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തിയിരുന്നു. പരീക്ഷ സമയത്ത് നിശ്ചിത സമയം ലഭിക്കാത്തതിനാൽ 1563 വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതായി തുടർന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രതികരിച്ചു. എന്നാൽ, ഇതേതുടർന്ന് വിമർശനങ്ങൾ നേരിടേണ്ടി വന്നതോടെ എൻടിഎ ഗ്രേസ് മാർക്ക് റദ്ദാക്കുകയും ഈ വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്തുകയുമായിരുന്നു.
Also Read: നീറ്റ് പേപ്പർ ചോർച്ച; ഗുജറാത്തിലെ സ്വകാര്യ സ്‌കൂൾ ഉടമ സിബിഐ കസ്‌റ്റഡിയില്‍