ഹൈദരാബാദ്/ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കേസെടുത്തിട്ടും കാര്യങ്ങള്‍ വഷളാകുന്നു. ഇന്ന് നടത്തിയ നീറ്റ് യുജി പുനപ്പരീക്ഷയ്ക്ക് ദേശീയ ടെസ്‌റ്റിങ്ങ് ഏജന്‍സിയുടെയും കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തില്‍ നിന്നുമുള്ള പ്രതിനിധികള്‍ മേല്‍നോട്ടം വഹിച്ചു.
1,563 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പുനപ്പരിശോധനയ്ക്ക് 813 പേര്‍ മാത്രമാണ് ഹാജരായത്. ബിഹാറില്‍ മെയ് അഞ്ചിന് നടത്തിയ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ പതിനേഴ് കുട്ടികളെ ഡീബാര്‍ ചെയ്‌തിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ 5.20 വരെ രാജ്യമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളിലായാണ് പുനപ്പരീക്ഷ നടത്തിയത്. ജൂൺ നാലിന് പ്രഖ്യാപിച്ച നീറ്റ് ഫലത്തില്‍, 720 മാര്‍ക്കിൽ 720 ഉം നേടി 67 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഇതോടെ മാർക്കിങ് സമ്പ്രദായത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നു.
പരീക്ഷ സമയത്ത് നിശ്ചിത സമയം ലഭിക്കാത്തതിനാൽ 1563 വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതായി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) പ്രതികരിച്ചു. എന്നാൽ, വിമർശനങ്ങൾ നേരിടേണ്ടി വന്നതോടെ എൻടിഎ ഗ്രേസ് മാർക്ക് റദ്ദാക്കുകയും ഈ വിദ്യാർഥികൾക്ക് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്യുകയുമായിരുന്നു.
ബലോദിലെ ഒരു പരീക്ഷ കേന്ദ്രത്തിൽ വിദ്യാര്‍ഥികൾക്ക് തെറ്റായ ചോദ്യപേപ്പറുകൾ നൽകി. ഹിന്ദി മീഡിയം വിദ്യാര്‍ഥികൾക്ക് ഇംഗ്ലീഷ് ചോദ്യപേപ്പറുകൾ നൽകുകയായിരുന്നു പിന്നീട് ഇത് വിദ്യാര്‍ഥികളിൽ നിന്ന് ശേഖരിച്ച് യഥാർത്ഥ ചോദ്യപേപ്പർ വിതരണം ചെയ്‌തു. വിദ്യാര്‍ഥികൾക്ക് ശരിയായ ചോദ്യപേപ്പർ ലഭിച്ചപ്പോൾ, 45 മിനിറ്റ് കഴിഞ്ഞിരുന്നു. ഇവർക്ക് അധിക സമയം നൽകുമെന്ന് ഇൻവിജിലേറ്റർ അറിയിച്ചിരുന്നെങ്കിലും നിശ്ചിത സമയം അനുസരിച്ച് ഒഎംആർ ഷീറ്റുകൾ ശേഖരിച്ചു.
സമാനമായ സംഭവം ദന്തേവാഡയിലും ഉണ്ടായി. ഇത് സമയനഷ്‌ടത്തിന് കാരണമായി. ഇതോടെ ഈ രണ്ട് കേന്ദ്രങ്ങളിലും വീണ്ടും പരീക്ഷ നടത്തും. ഇതിനിടെ നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ ബിഹാറിലേക്കും ഗുജറാത്തിലേക്കും അയച്ചു. ബിഹാറിലെത്തിയ സിബിഐ സംഘത്തിന് നേരെ ആക്രമണമുണ്ടായി. പ്രതികളിലൊരാളുടെ കുടുംബാംഗങ്ങളാണ് ആക്രമണം നടത്തിയത്. ഇവരുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. വ്യാജ ഉദ്യോഗസ്ഥരാണെന്ന ധാരണയിലാണ് ആക്രമണം നടത്തിയത്.
Also Read: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സൂത്രധാരന്‍ കാണാമറയത്ത്; വലയിലായത് ഇടനിലക്കാരും വിദ്യാര്‍ത്ഥികളും