റായ്‌പൂർ: നീറ്റിലെ ക്രമക്കേടുകളും ഫലങ്ങളും വിവാദമായ സാഹചര്യത്തിൽ ആറ് നഗരങ്ങളിലായി 1563 വിദ്യാര്‍ഥികള്‍ ഇന്ന് വീണ്ടും പരീക്ഷ എഴുതും. ഉച്ചയ്ക്ക് 2 മുതൽ 5.20 വരെയാണ് പുനഃപരീക്ഷ. ഛത്തീസ്‌ഗഡിൽ ബലോഡിലും ദന്തേവാഡയിലുമാണ് വീണ്ടും പരീക്ഷ നടക്കുന്നത്. സമയനഷ്‌ടത്തിന് നേരത്തെ ഗ്രേസ് മാർക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് പുനഃപരീക്ഷ.
വീണ്ടും പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾക്ക് അവരുടെ അഡ്‌മിറ്റ് കാർഡുകൾ, അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി എന്‍ടിഎ യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിദ്യാർഥികൾ അവരുടെ അഡ്‌മിറ്റ് കാർഡിന്‍റെ പ്രിന്‍റ് ചെയ്‌ത പകർപ്പ്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒരു പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ എന്നിവ ഫോട്ടോ ഐഡിയോടൊപ്പം കൊണ്ടുപോകണം. ഇതുകൂടാതെ ഒരു സാധനവും കേന്ദ്രത്തിനുള്ളിൽ അനുവദിക്കില്ല. ഉച്ചയ്ക്ക് 1.30 ന് മുമ്പ് പരീക്ഷ കേന്ദ്രത്തിൽ ഹാജരാകണം.
ജൂൺ 4 ന് പ്രഖ്യാപിച്ച നീറ്റ് ഫലത്തില്‍, 720 മാര്‍ക്കിൽ 720 ഉം നേടി 67 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഇതോടെ മാർക്കിങ് സമ്പ്രദായത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. പരീക്ഷ സമയത്ത് നിശ്ചിത സമയം ലഭിക്കാത്തതിനാൽ 1563 വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രതികരിച്ചു. എന്നാൽ, വിമർശനങ്ങൾ നേരിടേണ്ടി വന്നതോടെ എൻടിഎ ഗ്രേസ് മാർക്ക് റദ്ദാക്കുകയും ഈ വിദ്യാർഥികൾക്ക് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്‌തു.
ഛത്തീസ്‌ഗഡിലെ ബലോഡിലും ദന്തേവാഡയിലും പുനഃപരീക്ഷ: ബലോദിലെ ഒരു പരീക്ഷ കേന്ദ്രത്തിൽ തെറ്റായ ചോദ്യപേപ്പറുകൾ വിദ്യാര്‍ഥികൾക്ക് നൽകിയതായി സ്രോതസുകൾ പറയുന്നു. പിന്നീട് ഇത് വിദ്യാര്‍ഥികളിൽ നിന്ന് ശേഖരിച്ച് യഥാർത്ഥ ചോദ്യപേപ്പർ വിതരണം ചെയ്‌തു. ആദ്യത്തേത് വിദ്യാര്‍ഥികൾക്ക് തെറ്റിദ്ധരിപ്പിച്ചാണ് നൽകിയതെന്ന് പറഞ്ഞു.
ഒടുവിൽ വിദ്യാര്‍ഥികൾക്ക് യഥാർഥ ചോദ്യപേപ്പർ ലഭിച്ചപ്പോൾ, 45 മിനിറ്റ് കഴിഞ്ഞു. ഇവർക്ക് അധിക സമയം നൽകുമെന്ന് ഇൻവിജിലേറ്റർ അറിയിച്ചിരുന്നെങ്കിലും നിശ്ചിത സമയം അനുസരിച്ച് ഒഎംആർ ഷീറ്റുകൾ ശേഖരിച്ചു.
ഹിന്ദി മീഡിയം വിദ്യാര്‍ഥികൾക്ക് ഇംഗ്ലീഷ് ചോദ്യപേപ്പറുകൾ നൽകിയതിന് സമാനമായ സംഭവം ദന്തേവാഡയിലും ഉണ്ടായി. ഇത് സമയനഷ്‌ടത്തിന് കാരണമായി. ഇതോടെ ഈ രണ്ട് കേന്ദ്രങ്ങളിലും വീണ്ടും പരീക്ഷ നടത്തും.