ഹൈദരാബാദ്: ഇന്ത്യൻ നാവികസേനയുടെ പ്രധാന റഡാർ കേന്ദ്രം തെലങ്കാനയിൽ സ്ഥാപിക്കും. രാജ്യത്തെ രണ്ടാമത്തെ വിഎൽഎഫ് (Very Low Frequency) കമ്മ്യൂണിക്കേഷൻ ട്രാൻസ്‌മിഷൻ സ്‌റ്റേഷൻ വികാരാബാദ് ജില്ലയിലെ ദമഗുണ്ടം സംരക്ഷിത വനമേഖലയിലാണ് സ്ഥാപിക്കുക. ഇതിനായി ഇവിടെയുള്ള 1174 ഹെക്‌ടർ (2,900 ഏക്കർ) ഭൂമി വനംവകുപ്പ് നാവികസേനയ്ക്ക് കൈമാറി.
ബുധനാഴ്‌ചയാണ് (24-01-2024) സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിൽ നേവൽ കമാൻഡ് ഏജൻസി ഉദ്യോഗസ്ഥരും ഫോറസ്‌റ്റ് ഓഫീസര്‍മാരും ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത്. കമാന്‍റര്‍ കാർത്തിക് ശങ്കർ, സർക്കിൾ ഡിഇഒ രോഹിത് ഭൂപതി, ക്യാപ്റ്റൻ സന്ദീപ് ദാസ്, സി എസ് ശാന്തികുമാരി, വാണിപ്രസാദ്, പിസിസിഎഫ് ആർ എം ഡോബ്രിയാൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വനഭൂമി കൈമാറ്റ കരാറിൽ വികാരാബാദ് ഡിഎഫ്ഒയിലെയും നേവൽ കമാൻഡ് ഏജൻസിയിലേയും ഉദ്യോഗസ്ഥർ ഒപ്പുവെച്ചു.
ഈ ഭൂമിക്കായി 2010 മുതൽ നാവികസേന സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അടുത്തിടെയാണ് പ്രശ്‌നം പരിഹരിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലുള്ള ഐഎൻഎസ് കട്ടബൊമ്മൻ റഡാർ സ്‌റ്റേഷനാണ് രാജ്യത്തെ ആദ്യത്തെ വിഎൽഎഫ് കേന്ദ്രം. 1990 മുതൽ ഇത് നാവികസേനയ്ക്ക് സേവനം നൽകുന്നുണ്ട്.
ദാമഗുണ്ടത്ത് നാവികസേനയുടെ സ്‌റ്റേഷനോടൊപ്പം ഒരു ടൗൺഷിപ്പും സ്ഥാപിക്കും. സ്‌കൂളുകൾ, ആശുപത്രികൾ, ബാങ്കുകൾ, മാർക്കറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മാത്രമല്ല ഈ വനമേഖലയിൽ ഭക്തർക്ക് ക്ഷേത്ര ദർശനം അനുവദിക്കാമെന്ന് നാവികസേന അറിയിച്ചു. നാവികസേനാ യൂണിറ്റിൽ 600 ഓളം ജീവനക്കാരുണ്ടാകും. ഈ ടൗൺഷിപ്പിൽ മൊത്തത്തിൽ 2500-3000 ആളുകൾ താമസിക്കാനും സാധ്യതയുണ്ട്. പദ്ധതിയുടെ ഭാഗമായി ദാമഗുണ്ടം റിസർവ് ഫോറസ്‌റ്റിന്‍റെ 27 കിലോമീറ്റർ ചുറ്റളവിൽ റോഡ് നിർമ്മിക്കും. പുതിയ വിഎൽഎഫ് സെന്‍ററിന്‍റെ നിർമ്മാണം 2027ൽ പൂർത്തിയാകും.