റായ്‌ഗഞ്ച് (വെസ്‌റ്റ് ബംഗാൾ) : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ രാമനവമി ആഘോഷത്തിനിടെ അക്രമത്തിന് പ്രേരിപ്പിച്ചത് ഭാരതീയ ജനതാ പാർട്ടിയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും മമത പറഞ്ഞു.
'ഇന്നലെ നടന്ന സംഭവം ആരാണ് ചെയ്‌തത്? ബിജെപിയാണ് അത് ചെയ്‌തതെന്ന് ഞാൻ വെല്ലുവിളിക്കുന്നു. ആയുധങ്ങളുമായി രാമനവമി ഘോഷയാത്ര നടത്താൻ ആരാണ് അവകാശം നൽകിയത്? അക്രമത്തിൽ 20 പേർക്കാണ് പരിക്കേറ്റത്. മാത്രമല്ല ഒരു പ്രത്യേക സമുദായത്തിലെ ആളുകൾ ആക്രമിക്കപ്പെടുകയും ചെയ്‌തു.' മമത ബാനർജി പറഞ്ഞു.
റായ്‌ഗഞ്ച് ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ, സംഘർഷത്തിന് മുമ്പ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ മുർഷിദാബാദിൽ നിന്ന് നീക്കം ചെയ്‌തതായും മമത ബാനർജി അവകാശപ്പെട്ടു.
ശക്തിപുരിൽ പരിക്കേറ്റ പൊലീസ് ഓഫീസറുടെ ചിത്രം മുഖ്യമന്ത്രി മൊബൈൽ ഫോണിൽ കാണിച്ചു. "തെളിവ് സഹിതം ഞാൻ നിങ്ങളോട് പറയുന്നു, കള്ളം പറയുന്നതാരാണെന്ന് നിങ്ങൾ മനസ്സിലാക്കണമെന്നും മമത ബാനർജി പറഞ്ഞു.
മുർഷിദാബാദ് ഡിഐജിയെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെയും മമത വിമർശിച്ചു. ജില്ലയെ നന്നായി അറിയാവുന്ന ആളെ തന്നെ സ്ഥലംമാറ്റിയല്ലോ? അന്ന് തെരഞ്ഞെടുപ്പ് നടന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. രാമനവമിക്ക് ഒരു ദിവസം മുമ്പാണ് മുർഷിദാബാദിലെ ഡിഐജിയെ നീക്കം ചെയ്‌തത്, അതിനാൽ നിങ്ങൾക്ക് (ബിജെപിക്ക്) അക്രമം നടത്താൻ കഴിയുമെന്നും മമത ബാനർജി ആരോപിച്ചു.
സംസ്ഥാനത്ത് നിരവധി മാറ്റങ്ങളുണ്ടായി. മുർഷിദാബാദ് ഡിഐജിയെ ദിവസങ്ങൾക്ക് മുമ്പ് സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച (ഏപ്രിൽ 15) യാണ് ഐപിഎസ് ഉദ്യോഗസ്ഥൻ മുകേഷിനെ പുറത്താക്കിയ വിവരം അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. അദ്ദേഹത്തിന് പകരം ജോയിന്‍റ് കമ്മീഷണർ (ക്രൈം സപ്രഷൻ) പദവി വഹിച്ചിരുന്ന സയ്യിദ് വഖർ റാസയെ കമ്മീഷൻ നിയമിച്ചു.
നേരത്തെ, പ്രത്യേക സ്ഥലംമാറ്റത്തിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹൗറയിലെ ബിജെപി സ്ഥാനാർഥി എന്തിനാണ് കോടതിയുടെ ഉത്തരവ് അനുസരിക്കാതെ രാവിലെ ആയുധങ്ങളുമായി മാർച്ച് നടത്തിയത്, സമാധാനത്തിനും പ്രാർഥനയ്‌ക്കും വേണ്ടിയാണ് ഞങ്ങൾ മാർച്ച് ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.
ബുധനാഴ്‌ച (ഏപ്രിൽ 17) രാത്രി ശക്തിപൂരിൽ രാമനവമി ഘോഷയാത്രയ്‌ക്കിടെ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് മുർഷിദാബാദിലെ ജനങ്ങൾ ആശങ്കയിലാണ്. സംഭവത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റു. കൂടാതെ, തൊട്ടടുത്തുള്ള മാണിക്യഹാർ പ്രദേശത്തെ നിരവധി കടകളും അക്രമികൾ കൊള്ളയടിച്ചുവെന്ന് അധികൃതർ പറഞ്ഞു.
ALSO READ : രാമനവമി ഘോഷയാത്രയ്‌ക്കിടെ സ്‌ഫോടനം, സംഘർഷഭരിതമായി മുർഷിദാബാദ് ; മൂന്നുപേരുടെ നില ഗുരുതരം