മഹാരാഷ്ട്ര : ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് അഭിഷേക് ഘോഷാൽക്കര്‍ വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. എംഎച്ച്ബി കോളനി പൊലീസ് അന്വേഷണമാരംഭിച്ച കേസ് പിന്നീട് മുംബൈ ക്രൈംബ്രാഞ്ചിലേക്ക് മാറ്റുകയായിരുന്നു. കേസിന്‍റെ ഗൗരവവും അന്വേഷണത്തിന്‍റെ വ്യാപ്‌തിയും കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ശിവസേന യുബിടി നേതാവും, മുൻ എംഎൽഎയുമായ വിനോദ് ഘോഷാൽക്കറുടെ മകനും മുംബൈ കോര്‍പറേഷന്‍ മുന്‍ അംഗവുമായ അഭിഷേക് ഘോഷാല്‍ക്കർ വെടിയേറ്റ് കൊല്ലപ്പെട്ടത്. മുംബൈ സബർബനിലെ ബോറിവലിയിൽ വച്ച് മൗറിസ് ഭായ് എന്നറിയപ്പെടുന്ന മൗറിസ് നൊറോണയുമായി ഫേസ്ബുക്ക് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് അഭിഷേകിന് വെടിയേറ്റത്.
അഭിഷേകിന് നേരെ വെടിയുതിർത്ത മൗറിസ് നൊറോണ പിന്നീട് സ്വയം വെടിവച്ച് മരിച്ചതായി പൊലീസ് അറിയിച്ചു. വെടിയേറ്റ ഉടന്‍ അഭിഷേകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവയ്‌പ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട് (Abhishek Ghoshalkar murder case).
ഘോഷാൽക്കറും നൊറോണയും തമ്മിൽ വ്യക്തിപരമായ ശത്രുതയുണ്ടായിരുന്നുവെങ്കിലും ഐസി കോളനി മേഖലയുടെ പുരോഗതിക്കായി അവർ ഒന്നിച്ചെന്ന് വ്യക്തമാക്കാനാണ് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ലോക്കൽ പൊലീസിനൊപ്പം ക്രൈംബ്രാഞ്ച് സംഘവും കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. നിയമവിരുദ്ധ പിസ്റ്റൾ ഉപയോഗിച്ചാണ് നൊറോണ കുറ്റകൃത്യം നടത്തിയത്. ആ സമയത്ത് നൊറോണ മദ്യലഹരിയിലായിരുന്നോ എന്ന് പരിശോധിക്കും. ഇതിനായി നൊറോണയുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
നൊറോണയ്ക്ക് ആയുധം എങ്ങനെ ലഭിച്ചു, ആരാണ് അത് നൽകിയത് എന്നതടക്കം ക്രൈബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഘോഷാൽക്കറിന് നേരെ വെടിയുതിർക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. അഭിഷേക് ഘോഷാൽക്കറുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
കല്യാൺ (ഇ)യിലെ ബിജെപി എംഎൽഎ ഗൺപത് ഗെയ്ക്വാദ് ഉല്ലാസ് നഗറിലെ പൊലീസ് സ്റ്റേഷനിൽ വച്ച് ശിവസേന ഏകനാഥ് ഷിൻഡെ ഗ്രൂപ്പ് പ്രവർത്തകൻ മഹേഷ് ഗെയ്ക്വാദിന് നേരെ വെടിയുതിർത്തിരുന്നു. താനെ വെടിവയ്പ്പ് കഴിഞ്ഞ് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് പുതിയ അക്രമസംഭവം സംഭവം നടക്കുന്നത്.
വെടിവയ്‌പ്പിനെ തുടർന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്‌ക്കണമെന്ന് ഉദ്ധവ് സേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ ക്രമസമാധാനം ആകെ തകർന്നതായി മുൻ മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്.