ന്യൂഡൽഹി: നോയിഡ പൊലീസ് ഡൽഹിയിൽ നിന്ന് വൻ തോതിൽ ചൈനീസ് നിർമ്മിത ഇ-സിഗരറ്റുകൾ പിടികൂടിയ പശ്ചാത്തലത്തിൽ ബോധവൽകരണ പരിപാടികളുമായി ഒരുപറ്റം അമ്മമാരുടെ കൂട്ടായ്‌മ. 'മദേഴ്‌സ് എഗൈന്‍സ്‌റ്റ് വേപ്പിങ്' എന്ന കൂട്ടായ്‌മയാണ് നീക്കത്തിന് പിന്നിൽ. ഇ-സിഗരറ്റിൻ്റെ ഭീഷണിക്കെതിരെ സുസ്ഥിരമായ ജാഗ്രത എന്ന ലക്ഷ്യത്തോടെ ഒരുപറ്റം അമ്മമാരും ആരോഗ്യ വിദഗ്‌ധരും ചേർന്നാണ് കൂട്ടായ്‌മയ്‌ക്ക് രൂപം കൊടുത്തത് (Mothers Against Vaping Against E Cigarettes).
"ഇ-സിഗരറ്റ്, വേപ്‌സ് തുടങ്ങിയ ആധൂനിക ഉപകരണങ്ങളുടെ വ്യാപനം നിയന്ത്രിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു, നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കൽ വഴി ഈ നിരോധിത ഉൽപ്പന്നങ്ങളിൽ നിന്ന് നമ്മുടെ രാജ്യത്തെ കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കേണ്ടതുണ്ട്." 'മദേഴ്‌സ് എഗെയ്ൻസ്‌റ്റ് വേപ്പിങ്' പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
എളുപ്പത്തിലുള്ള ലഭ്യത: ഈ നവീന ഉപകരണങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയും ഗ്ലാമറൈസേഷനും യുവാക്കളെ ആസക്തിയുടെ കെണിയിലേക്ക് ആകർഷിക്കുന്നതായി നോയിഡയിലെ ഫോർട്ടിസ് ഹെൽത്ത്‌കെയറിലെ പൾമണോളജി ആൻഡ് ക്രിട്ടിക്കൽ കെയർ അഡീഷണൽ ഡയറക്‌ടർ ഡോ. രാജേഷ് ഗുപ്‌ത പറഞ്ഞു. "ഇവ പിടിച്ചെടുക്കാനും ജാഗ്രത പുലർത്താനും പൊലീസും സർക്കാരും സ്വീകരിച്ച നടപടികൾ പ്രശംസനീയമാണ്, എന്നാൽ കൂടുതൽ കാര്യങ്ങൾ ഇനിയും ചെയ്യേണ്ടതുണ്ട്. തുടർച്ചയായ പിടിച്ചെടുക്കൽ അത്യന്താപേക്ഷിതമാണെങ്കിലും, വേപ്പിങ്ങിൻ്റെ ആരോഗ്യ പ്രത്യാഘാതങ്ങളെപ്പറ്റി ബോധവൽക്കരണം നടത്തുക എന്നതും അതുപോലെതന്നെ പ്രധാനമാണ്." രാജേഷ് ഗുപ്‌ത പറഞ്ഞു.
ഈ ഉപകരണങ്ങളുടെ നിർമ്മാതാക്കൾ നമ്മുടെ യുവാക്കളെ പ്രത്യേകം ലക്ഷ്യമിടുന്നു. വേപ്പിങ് അത്ര കൂളല്ല എന്നും അങ്ങേയറ്റം ഹാനികരമാണെന്നുമുള്ള അവബോധം പ്രചരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ സന്ദേശം ജനങ്ങൾക്കിടയിൽ വ്യാപിക്കേണ്ടതുണ്ട്. അതിനുള്ള ഫലപ്രദമായ ഒരു മാർഗം യൂത്ത് ഐക്കണുകൾ, സെലിബ്രിറ്റികൾ എന്നിങ്ങനെ സ്വാധീനം ചെലുത്താൻ കഴിവുള്ളവരെ വേപ്പിങ് വിരുദ്ധ പ്രസ്ഥാനത്തിൻ്റെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്നതാണെന്നും രാജേഷ് ഗുപ്‌ത കൂട്ടിച്ചേർത്തു.
ആവശ്യക്കാരേയും കുടുക്കണം: ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നമ്മുടെ നാട്ടിൽ 280 ദശലക്ഷം പുകയില്ലാത്ത പുകയില ഉപയോക്താക്കളുണ്ട്. ഇത് ആഗോള ശരാശരിയുടെ 77 ശതമാനത്തോളം വരും. ഈ നവയുഗ ഉപകരണങ്ങളുടെ ഉപയോഗം തടയാൻ, ശ്രമങ്ങൾ ആവശ്യവും വിതരണവും ഒരുപോലെ കൈകാര്യം ചെയ്യണമെന്ന് ക്ലിനിക്കൽ സൈക്കോളജിസ്‌റ്റും ഹാപ്പിനസ് സ്‌റ്റുഡിയോ സ്ഥാപകയുമായ ഡോ. ഭാവ്ന ബാർമി പറഞ്ഞു.
പിടിച്ചെടുക്കലുകൾ ലക്ഷ്യമിടുന്നത് വിതരണത്തിൻ്റെ വശത്തെയാണ്, എന്നാൽ ഈ പുതിയ കാലത്തെ ഗേറ്റ്‌വേ ഉപകരണങ്ങളുടെ ഉപയോഗത്തിനുള്ള പിഴകളും സർക്കാർ വിഭാവനം ചെയ്യണമെന്ന് ഡോ. ഭാവ്ന പറഞ്ഞു. ഇ-സിഗരറ്റുകൾ വേപ്പുചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും പിഇസിഎ നിയമപ്രകാരം പിഴകൾ ഈടാക്കുന്നത് ഉപയോക്താക്കളിലും അവരുടെ രക്ഷിതാക്കളിലും ഭയം ജനിപ്പിക്കും, ഇത് ഈ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കാൻ കാരണമാകുമെന്നും ഡോ ബാർമി പറഞ്ഞു.