ഡെറാഡൂൺ : ഡെറാഡൂണിൽ ഇരുപതുകാരിയുടെ ആത്മഹത്യ കൊലപാതകമാണെന്ന് കണ്ടെത്തി. മകൾ മംമ്തയെ കൊലപ്പെടുത്തിയ കേസിൽ ഹർപ്രീത് കൗർ, കാമുകൻ നിതിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പട്ടേൽ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചൗക്കി ബസാർ ഏരിയയില്‍ വ്യാഴാഴ്‌ചയാണ് സംഭവം.
ജൂൺ 27 ന് ആണ് തന്‍റെ മകൾ ആത്മഹത്യ ചെയ്തെന്ന് അമ്മ പൊലീസിനെ അറിയിച്ചത്. മകളുടെ മൃതദേഹം കുരുക്കിൽ നിന്ന് താഴെ ഇറക്കിയതും വീട്ടുകാരെ വിവരമറിയിച്ചതും താനാണെന്ന് അവർ പൊലീസിനോട് പറഞ്ഞു. പാൽ വിതരണക്കാരനായ ഭർത്താവ് സുഖ്‌വീന്ദർ ആ സമയം വീട്ടിലുണ്ടായിരുന്നില്ല.
താൻ ഒറ്റയ്ക്കാണ് മൃതദേഹം ഇറക്കിയതെന്ന ഹർപ്രീതിന്‍റെ മൊഴിയാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് എസ്എസ്‌പി അജയ് സിങ്, പട്ടേൽ നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജിനോട് വിഷയം വിശദമായി അന്വേഷിക്കാൻ ഉത്തരവിട്ടു.
അയൽവാസികളെ പൊലീസ് ചോദ്യം ചെയ്‌തപ്പോൾ നിതിൻ എന്ന യുവാവുമായി ഹർപ്രീതിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. അടുത്തിടെയാണ് മംമ്ത ഇക്കാര്യം അറിഞ്ഞത്. നിതിനുമായുള്ള അമ്മയുടെ ബന്ധത്തെക്കുറിച്ച് മംമ്ത പിതാവിനോട് പറഞ്ഞിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ സുഖ്‌വീന്ദർ ഇത് സ്ഥിരീകരിച്ചു.
ബന്ധത്തെക്കുറിച്ച് അറിഞ്ഞ പൊലീസ് ഹർപ്രീതിനെയും നിതിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വിശദമായ ചോദ്യം ചെയ്യലില്‍ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. നിതിനെ കുറിച്ച് മംമ്ത പിതാവിനെ അറിയിച്ചപ്പോൾ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. നിതിനെ ഇനി കാണരുതെന്ന് സുഖ്‌വീന്ദർ ഹർപ്രീതിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരും പരസ്‌പരം കാണുന്നത് തുടർന്നെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
നിതിൻ ഹർപ്രീതിനെ കാണാൻ എത്തിയത് മംമ്ത കണ്ട സാഹചര്യത്തിലാണ് മംമ്‌തയെ കൊല്ലാന്‍ ഇരുവരും തീരുമാനിച്ചത്. ഇരുവരെയും ഒന്നിച്ച് കണ്ടത് അച്ഛനോടും മറ്റ് വീട്ടുകാരോടും പറയുമെന്ന് മംമ്ത അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു.
ജൂൺ 27 ന് സുഖ്‌വീന്ദർ പാൽ വിതരണം ചെയ്യാന്‍ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം ഹർപ്രീത് കാമുകനെ വീട്ടിലേക്ക് വിളിച്ചു. ശേഷം ഇരുവരും മംമ്തയുടെ മുറിയിലെത്ത ദുപ്പട്ട കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സീലിങ് ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു. മംമ്തയുടെ അനുജത്തിമാർ ആ സമയം മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. ഹർപ്രീത്, നിതിൻ എന്നിവരെ അറസ്റ്റ് ചെയ്‌തതായും തുടര്‍ നടപടികളുണ്ടാകുമെന്നും പട്ടേൽ നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.