ചിത്രദുർഗ (കർണാടക) : ബലാത്സംഗ കേസിൽ അറസ്റ്റിലായ ബിജെപി നേതാവും അഭിഭാഷകനുമായ ജി ദേവരാജെ ഗൗഡയെ ശനിയാഴ്‌ച ചോദ്യം ചെയ്യലിനായി സംഭവം നടന്ന ഹോളനരസിപുരയിലേക്ക് കൊണ്ടുപോയി. നിയമ നടപടികൾക്ക് ശേഷം ഹിരിയൂർ പൊലീസ് ദേവരാജെ ഗൗഡയെ ഹോളനരസിപുര പൊലീസിന് കൈമാറുകയായിരുന്നു. ഹാസൻ ജില്ലയിൽ നിന്നുള്ള 36 കാരിയുടെ പരാതിയിലാണ് ഗൗഡയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.
സ്വത്ത് വിൽക്കാൻ സഹായിക്കാമെന്ന വ്യാജേന ദേവരാജെ ഗൗഡ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഏപ്രിൽ ഒന്നിനാണ് ഗൗഡയ്‌ക്കെതിരെ പീഡനത്തിന് കേസെടുത്തത്. ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ പൊലീസ് വെള്ളിയാഴ്‌ച രാത്രി ഗുലിഹാൾ ടോൾ ഗേറ്റിൽ വച്ചാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്‌തത്. ഹാസൻ പൊലീസ് നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ശനിയാഴ്‌ച രാവിലെ ഹോളനരസിപൂർ പൊലീസ് ചിത്രദുർഗയിലെത്തുകയും നിയമ നടപടികൾക്ക് ശേഷം ദേവരാജെ ഗൗഡയെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു.
2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച ഗൗഡ പരാജയപ്പെടുകയായിരുന്നു. ജെഡി(എസ്) എംഎൽഎയും മുൻ മന്ത്രിയുമായ എച്ച് ഡി രേവണ്ണയോടാണ് ഗൗഡ പരാജയപ്പെട്ടത്. ഇതിനിടെ ഹാസൻ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് ദേവരാജെ ഗൗഡ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രജ്വൽ രേവണ്ണ നിരവധി സ്‌ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തതായി കഴിഞ്ഞ വർഷം ബിജെപി നേതൃത്വത്തെ താൻ അറിയിച്ചിരുന്നതായും ഹാസനിൽ നിന്നുള്ള ജെഡി (എസ്) എംപിക്ക് ലോക്‌സഭ ടിക്കറ്റ് നൽകരുതെന്ന് പാർട്ടിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും ദേവരാജെ ഗൗഡ അവകാശപ്പെട്ടിരുന്നു.
ALSO READ: ഫാം ഹൗസ് ജീവനക്കാരിയേയും പീഡിപ്പിച്ചു; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ വീണ്ടും കേസ്