ഭുവനേശ്വര്‍: ബിജെപിയുടെ മോഹന്‍ മാജി ഒഡിഷ മുഖ്യമന്ത്രിയാകും. കനക് വര്‍ദ്ധന്‍ സിങ് ഡിയോയും പ്രഭാതി പരിദയും ഉപമുഖ്യമന്ത്രിമാരാകും. നാളെയാണ് സത്യപ്രതിജ്ഞ.
ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് മോഹന്‍ മാജിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. 53കാരനായ മാജി ഇത് നാലാം തവണയാണ് നിയമസഭയിലെത്തുന്നത്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങും ഭൂപേന്ദര്‍ യാദവും കേന്ദ്ര നിരീക്ഷകരായി യോഗത്തില്‍ സംബന്ധിച്ചു.
147 അംഗ നിയമസഭയില്‍ 74 സീറ്റുകള്‍ സ്വന്തമാക്കിയാണ് ബിജെപി അധികാരത്തിലെത്തിയത്. 24 വര്‍ഷം സംസ്ഥാനം ഭരിച്ച നവീന്‍ പട്‌നായിക്കിനെ കടപുഴക്കിയാണ് ബിജെപിയുടെ തേരോട്ടം.
2000, 2004 വര്‍ഷങ്ങളില്‍ ബിജെഡി സഖ്യത്തെ ബിജെപി പിന്തുണച്ചിരുന്നു. ആദ്യമായാണ് സംസ്ഥാനത്ത് ബിജെപി ഭരണത്തിലെത്തുന്നത്. കിയോന്‍ഝാര്‍ മണ്ഡലത്തില്‍ നിന്ന് 11 577 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മാജി വിജയിച്ചത്. ബിജെഡിയുടെ മിന മാഞ്ജിയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്.ഗോത്ര വിഭാഗത്തില്‍ നിന്നുള്ള നേതാവായ മാജി അപ്രതീക്ഷിതമായാണ് ബിജെ പിയുടെ നിയമസഭാ കക്ഷി നേതൃ സ്ഥാനത്തേക്കെത്തുന്നത്. ഖനി മേഖലയായ കിയോന്‍ ജാര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി വിജയിക്കുന്ന മോഹന്‍ മാജി മികച്ച സംഘാടകനായാണ് അറിയപ്പെടുന്നത്. ഗോത്ര വിഭാഗങ്ങള്‍ക്ക് നേതൃത്വത്തില്‍ അര്‍ഹമായ പങ്ക് നല്‍കുന്നതോടെ ഒഡീഷയ്ക്ക് പുറമേ ഝാര്‍ഖണ്ഡിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാന്‍റെ തെക്കന്‍ മേഖലയിലും കിഴക്കന്‍ ഗുജറാത്തിലും ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാമ് നേതൃത്വം കണക്കു കൂട്ടുന്നത്.
Also Read: ചന്ദ്രബാബു നായിഡു വീണ്ടും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ