ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാച്ച് ഫിക്‌സിങ്ങിന് (ഒത്തുകളി) ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാം ലീല മൈതാനിയില്‍ ഇന്ത്യാസഖ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനാധിപത്യം സംരക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായാണ് രാം ലീലയില്‍ പ്രതിപക്ഷ കക്ഷികള്‍ സംഗമിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളടക്കമുള്ള പ്രതിപക്ഷത്തെ നേതാക്കളെ ഭരണപക്ഷം വേട്ടയാടുന്ന പശ്ചാത്തലത്തിലാണ് റാലി.
ഈ തെരഞ്ഞെടുപ്പില്‍ മോദി ഒത്തുകളിക്കാന്‍ ശ്രമിക്കുകയാണ്. സര്‍വശക്തിയുമുപയോഗിച്ച് ഇതിനെതിരെ വോട്ട് ചെയ്‌തില്ലെങ്കില്‍ ആ ഒത്തുകളി വിജയിക്കും. അത് സംഭവിച്ചാല്‍ രാജ്യത്തിന്‍റെ ഭരണഘടന നശിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്‍റെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുന്നു. ഇത് എന്തുതരം തെരഞ്ഞെടുപ്പാണ് ?. നാനൂറ് സീറ്റുകള്‍ ലഭിച്ചാല്‍ ഭരണഘടന മാറ്റുമെന്നാണ് ഒരു ബിജെപി എംപി പറഞ്ഞത്. അതുകൊണ്ടാണ് ഇവരെ അധികാരത്തില്‍ നിന്ന് അകറ്റണമെന്ന് പറയുന്നത്. രാജ്യത്തെ ജനങ്ങളുടെ ശബ്‌ദമാണ് ഭരണഘടന, അതില്ലാതാകുന്ന ദിവസം രാജ്യം തന്നെ ഇല്ലാതാകും - രാഹുല്‍ മുന്നറിയിപ്പ് നല്‍കി.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇവയെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ ഭീഷണിപ്പെടുത്തുകയാണ്. അങ്ങനെ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകള്‍ ഉണ്ടാക്കുന്നു. പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്‍റെ പ്രത്യയശാസ്‌ത്രത്തെയും നീക്കാതെ രാജ്യത്തിന് യാതൊരു അഭിവൃദ്ധിയും ഉണ്ടാകില്ലെന്നും ഖാര്‍ഗെ വിശദീകരിച്ചു.
ബിജെപിയും ആര്‍എസ്എസും വിഷമാണ്. ഇവയൊരിക്കലും രുചിക്കരുത്. അവ രാജ്യത്തെ നശിപ്പിക്കും. നമുക്ക് ഒത്തൊരുമിക്കണം, എങ്കിലേ പോരാട്ടം സാധ്യമാകൂ. പരസ്‌പരം ആക്രമിച്ചുകൊണ്ടിരുന്നാല്‍ വിജയം സാധ്യമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.