പൂനെ : പൂനെയിലെ ചകൻ-ശിക്രപൂർ റൂട്ടിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചു. ടാങ്കറിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പ്രാഥമിക വിവരം. ഒന്നിന് പുറകെ ഒന്നായി മൂന്നോ നാലോ സ്ഫോടനങ്ങളുണ്ടായി.
ഷെൽ പിംപൽഗാവിൽ ഇന്ന് (മെയ് 19) പുലർച്ചെ 4:45 ഓടെയാണ് സംഭവം. ചകൻ-ശിക്രപൂർ റോഡിലെ മൊഹിതേവാഡി പ്രദേശത്തെ ധാബയ്‌ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കർ പെട്ടെന്ന് പൊട്ടി തെറിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
സംഭവത്തിൽ ആളപായമില്ല. ഗ്യാസ് പൊട്ടിത്തെറിച്ച് ദേശീയപാതയോരത്തെ നിരവധി വീടുകളുടെ ജനൽചില്ലുകൾ തകർന്നു. ചില വീടുകളും തകർന്നു. ഗ്യാസുകള്‍ മോഷ്‌ടിക്കുന്നതിനിടയിലാണ് സ്‌ഫോടനം നടന്നതെന്ന തരത്തിലും ആരോപണങ്ങള്‍ ഉയരുന്നു.
വാതകങ്ങള്‍ക്ക് വില കൂടിയ സാഹചര്യത്തില്‍ ഹൈവേകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കറുകളില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ മോഷ്‌ടിച്ച് മറിച്ച് വില്‍ക്കാറുണ്ടെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് ചക്കൻ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.