ലോഹർദാഗ (ജാർഖണ്ഡ് ): കിണർ കുഴിക്കുന്നതിനിടെയുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഝാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ സെൻഹ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ചിതാരി അംബ ടോളി ഗ്രാമത്തിലാണ് സംഭവം.
തൊഴിലാളികളെ രക്ഷിക്കാന്‍ അടിയന്തര സഹായവും രക്ഷാപ്രവർത്തനവും ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ചിത്താരി അംബ ടോളി ഗ്രാമത്തിൽ ജലസേചന കിണർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് അപകടം. കിണർ നേരത്തെ കുഴിച്ച് ഇഷ്‌ടിക ഇടുന്നതിനുള്ള ജോലികൾ നടന്നിരുന്നു. പൊടുന്നനെ ചുറ്റുപാടും മണ്ണും ചെളിയും ഇടിച്ചിറങ്ങി നാല് തൊഴിലാളികളും ചെളിക്കൂമ്പാരത്തിനടിയിൽ പെടുകയായിരുന്നു.
വിവരമറിഞ്ഞ ഉടനെ സെൻഹ പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി. വൻ ജനക്കൂട്ടം തടിച്ചുകൂടുന്നതിനിടെ സബ് ഇൻസ്പെക്‌ടർ മനോജ് കുമാറും സർക്കിൾ ഓഫീസറും അടക്കമുള്ള സംഘം സ്ഥിതിഗതികൾ നിയന്ത്രിച്ചു. ചെളി കൂമ്പാരത്തിൽ നിന്ന് തൊഴിലാളികളെ പുറത്തെടുക്കാൻ അഞ്ച് ജെസിബികൾ വിന്യസിച്ചിട്ടുണ്ട്. മുഴുവൻ രക്ഷാപ്രവർത്തനവും പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്ന് മനോജ് കുമാർ പറഞ്ഞു.