തിരുവനന്തപുരം: പട്ടിക വർഗക്കാരുടെ ചികിത്സ സഹായ വിതരണം ഇനി ഓൺലൈൻ വഴിയാക്കാന്‍ തീരുമാനം. കെ രാധാകൃഷ്‌ണൻ മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം പട്ടിക ജാതി പട്ടിക വർഗ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഒ ആർ കേളുവിന്‍റെ ആദ്യ തീരുമാനമാണിത്. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം സെക്രട്ടേറിയറ്റിലെത്തി മന്ത്രിയായി ചുമതലയേറ്റ ശേഷം വകുപ്പ് അധ്യക്ഷന്മാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.
ചികിത്സ സഹായ വിതരണ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് മന്ത്രി വാർത്ത കുറിപ്പിലൂടെ പറഞ്ഞു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ 500 പേർ മാത്രമാണ് പങ്കെടുത്തത്. സഗൗരവം പ്രതിജ്ഞ ചെയ്‌താണ് ഒ ആർ കേളു മന്ത്രിയായി ചുമതലയേറ്റത്.
10 വർഷക്കാലത്തോളം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റായുള്ള പ്രവർത്തനത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ച ഒ ആർ കേളു സിപിഐഎം സംസ്ഥാന സമിതി അംഗമാണ്. ദേവസ്വം വകുപ്പ് വിഎൻ വാസവനും പാർലമെന്‍ററി കാര്യം എംബി രാജേഷിനുമാണ് നൽകിയിട്ടുള്ളത്. പുതിയ മന്ത്രിക്ക് മുൻമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകൾ പൂർണമായി കൈമാറാത്തതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവര്‍ വിമർശനം ഉയർത്തിയിരുന്നു. വയനാട് ജില്ലയിൽ നിന്നുള്ള ആദ്യ സിപിഐഎം മന്ത്രി കൂടെയാണ് ഒ ആർ കേളു.