ന്യൂഡല്‍ഹി: ആറ് അത്യാധുനിക മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മസഗണ്‍ കപ്പല്‍ നിര്‍മ്മാണ കേന്ദ്രത്തിന് നാവികസേനയുടെ അംഗീകാരം. അറുപതിനായിരം കോടി രൂപ ചെലവിലാകും ഇവ നിര്‍മ്മിക്കുന്നത്. ജര്‍മ്മനിയുടെ തൈസന്‍ക്രുപ്പിന്‍റെ പങ്കാളിത്തത്തോടെയാകും കപ്പല്‍ നിര്‍മ്മിക്കുക.
പ്രോജക്‌ട് 75 ഇന്ത്യ എന്ന പദ്ധതിയുടെ കീഴിലാണ് മുങ്ങിക്കപ്പലുകളുടെ നിര്‍മ്മാണം. എംഡിഎല്ലിനും തൈസന്‍ക്രുപ്പിനും എതിരായി ലാര്‍സന്‍ ആന്‍ഡ് ട്യൂബ്‌റോ കമ്പനിയായിരുന്നു കരാറിനായി രംഗത്തുണ്ടായിരുന്നത്. ഒടുവില്‍ എംഡിഎല്‍ നിര്‍മ്മാണ കരാറിന് യോഗ്യത നേടിയതായി നാവികസേന കമാന്‍ഡര്‍ അറിയിക്കുകയായിരുന്നു.
എയര്‍ ഇന്‍ഡിപെന്‍ഡന്‍സ് പ്രൊപ്പല്‍ഷന്‍ സംവിധാനത്തിലധിഷ്‌ഠിതമായ മുങ്ങിക്കപ്പലുകളാണ് നിര്‍മ്മിക്കുക. ഇതിനുള്ള പരിശോധനകള്‍ നാവിക സേന ഇതിനകം തന്നെ നടത്തിക്കഴിഞ്ഞു. ഈ സംവിധാനം ഉപയോഗിച്ച് കപ്പലിന് രണ്ടാഴ്‌ച വരെ വെള്ളത്തിനടിയില്‍ കഴിയാനാകും. കൃത്യമായ ഇടവേളകളില്‍ ഉപരിതലത്തിലെത്തി ബാറ്ററികള്‍ റീചാര്‍ജ് ചെയ്യേണ്ടതില്ല.
അതേസമയം സേനയുടെ മുങ്ങിക്കപ്പലുകള്‍ക്ക് കൂടുതൽ കരുത്ത് നൽകുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനായി ഒന്നിലധികം പരിപാടികൾക്ക് അംഗീകാരം നല്‍കുകയും ചെയ്‌തിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ ദീർഘകാല അന്തർവാഹിനി പദ്ധതി 2014-ന് ശേഷം 18 പരമ്പരാഗതവും ആറ് ആണവ ആക്രമണ അന്തർവാഹിനികളും ആയി പരിഷ്‌ക്കരിച്ചു.
ആറ് സ്‌കോര്‍പീന്‍ ക്ലാസ് ബോട്ടുകളുള്ള പ്രോജക്റ്റ് 75-ല്‍ മൂന്ന് ബോട്ടുകൾ കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചു. കൂടാതെ സമ്പൂർണ്ണ ഇന്ത്യൻ രൂപകല്‌പനയും നിർമ്മാണവും ഉള്ള ആറ് പരമ്പരാഗത അന്തർവാഹിനികൾ നിർമ്മിക്കാനുള്ള നെക്സ്റ്റ്-ജെൻ പ്രൊജക്റ്റ് 76-ഉം കേന്ദ്രം സജീവമാക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്‍റെ 100 ദിവസത്തെ അജണ്ടയിലാണ് പ്രസ്‌തുത പദ്ധതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാവിയിലേക്കുള്ള പദ്ധതി ഡിആർഡിഒയും നാവികസേനയും ഒരുമിച്ച് പൂര്‍ത്തീകരിക്കും.
പ്രോജക്റ്റ് 75 കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തന്നെ നിര്‍മ്മാണത്തിലുണ്ട്. കർശനമായ മാനദണ്ഡങ്ങള്‍ അടക്കമുള്ള കാരണങ്ങളാലാണ് പല അന്താരാഷ്‌ട്ര നിര്‍മ്മാണ കമ്പനികള്‍ക്കും ഇത് ഏറ്റെടുക്കാന്‍ കഴിയാതെ വന്നിരിക്കുന്നത്.
Also Read: കടലില്‍ കരുത്താകാൻ 'വാഗിര്‍'; പുതിയ അന്തര്‍വാഹിനി നീറ്റിലിറങ്ങി