പാനിപ്പത്ത്: ജില്ലയിലെ ധൂപ് നഗറിലെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ശാഖയിൽ കവർച്ച. രാവിലെ 10.30 ഓടെ മുഖംമൂടി ധരിച്ചെത്തിയ നാല് അക്രമികളാണ് കവർച്ച നടത്തിയത്. കവർച്ചക്കാർ ജീവനക്കാരെ തോക്കിന് മുനയിൽ നിർത്തി ഡ്രോയറിലെ പണമെടുത്ത് രക്ഷപ്പെടുകയായിരുന്നു. നാല് അക്രമികളും ബൈക്കിലാണ് വന്നത്.
ജീവനക്കാർ ബ്രാഞ്ച് തുറന്നതിന് തൊട്ടുപിന്നാലെ നാല് അക്രമികൾ ബൈക്കിൽ എത്തി. ഇവരെല്ലാം മുഖം മറച്ചിരുന്നു. അക്രമികൾ തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ബാഗ് എടുത്ത് പണമെല്ലാം അതിൽ ഇടാൻ ആവശ്യപ്പെടുകയും ചെയ്‌തു.
കവർച്ചയ്ക്ക് ശേഷം ഇവർ ഓടി രക്ഷപ്പെടുന്നതിനിടെ ബൈക്ക് ഉപേക്ഷിച്ചു. എന്നാൽ വഴിയിൽ വെച്ച് തോക്ക് ചൂണ്ടി രണ്ട് ബൈക്കുകൾ തട്ടിയെടുക്കുകയും അതില്‍ രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിന്‍റെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുഖംമൂടി ധരിച്ചവരെല്ലാം ഹരിയാൻവിയിൽ മാത്രമാണ് സംസാരിച്ചതെന്ന് സിഎച്ച്‌സിയിലെ ജീവനക്കാരനായ വികാസ് പറഞ്ഞു.
വന്നയുടൻ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ചോദിച്ചു. ഇതിന് ശേഷം നിലത്തേക്ക് വെടിവച്ച് ഭയപ്പെടുത്തി പണവുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ആദ്യം ജീവനക്കാർ ചെറുതായി പ്രതിഷേധിച്ചെങ്കിലും അതിനിടയിൽ ഒരു അക്രമി നിലത്തേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. വെടിവെപ്പിനെ തുടർന്ന് ജീവനക്കാർ പരിഭ്രാന്തരായി. ഇതിന് ശേഷം കവർച്ചക്കാർ ബാഗ് എടുത്ത് അതിൽ പണം ഇട്ട് രക്ഷപ്പെട്ടു.
വാർത്ത അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി. അക്രമികളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഡിഎസ്‌പി സുരേഷ് സൈനി പറഞ്ഞു. സമീപത്തെ സിസിടിവികൾ പരിശോധിച്ചുവരികയാണ്. താമസിയാതെ എല്ലാ മോഷ്‌ടാക്കളെയും പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ബാങ്ക് കവര്‍ച്ച; 20 ലക്ഷവും സ്വര്‍ണ്ണവും കൊള്ളയടിച്ചു