പറ്റ്ന : പ്രതിഷ്‌ഠാദിനമായ നാളെത്തന്നെ അയോധ്യ കത്തിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയ യുവാവ് അറസ്റ്റില്‍. ബിഹാറുകാരനായ മുഹമ്മദ് ഇന്തേഖാബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്(Ayodhya Destruction Threat). ഇയാള്‍ നേരിട്ട് പൊലീസിനെ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്.
ബിഹാറിലെ അരാരിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത് (Bihar youth held). പലാസി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബാലുവ സ്വദേശിയാണ് ഇയാള്‍. പൊലീസ് ഹെല്‍പ് ലൈന്‍ നമ്പരായ 112ലേക്ക് വെള്ളിയാഴ്ച രാത്രി നിരവധി തവണ വിളിച്ച് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. ആദ്യ കോളെത്തി ആറ് മണിക്കൂറിന് ശേഷം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു.
കാര്യത്തിന്‍റെ ഗൗരവം മനസിലാക്കി ഉടന്‍ തന്നെ റെക്കോര്‍ഡ് ചെയ്‌ത കോള്‍ സൈബര്‍ പൊലീസ് സ്‌കാന്‍ ചെയ്‌ത് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. തുടര്‍ന്നാണ് മുഹമ്മദ് ഇബ്രാഹിം എന്നയാളുടെ പേരിലുള്ള ഫോണാണിതെന്ന് മനസിലാക്കിയത്. തുടര്‍ന്ന് പൊലീസ് ഇയാളുടെ വീട് റെയ്‌ഡ് ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇയാളുടെ മകന്‍ നിരവധി തവണ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയെന്ന് വ്യക്തമാകുന്നത്.
കുറ്റകൃത്യത്തിനുപയോഗിച്ച ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടുമുണ്ട്.