മുംബൈ : മഹാരാഷ്‌ട്രയില്‍ ലിവ് ഇന്‍ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ മിനാസുദ്ദീൻ അബ്‌ദുല്‍ അജിജ് മുല്ല എന്ന രവീന്ദ്ര റെഡ്ഡിയാണ് (26) പിടിയിലായത്. 22 കാരിയായ അനിഷ ബരാസ്‌ത ഖാത്തൂണാണ് കൊല്ലപ്പെട്ടത്.
ഇന്നലെയാണ് (മാര്‍ച്ച് 29) പശ്ചിമ ബംഗാളില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്‌തത്. മാര്‍ച്ച് 15നാണ് മഹാരാഷ്‌ട്രയിലെ പാല്‍ഘറിലെ ദഹാനുവിലെ വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി മരിച്ച വിവരം പുറം ലോകം അറിയുന്നത്.
മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികളാണ് വീട്ടുടമയോട് ഇക്കാര്യം പറഞ്ഞത്. വിവരം അറിഞ്ഞ വീട്ടുടമയെത്തി വാതിലില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കയറുകയായിരുന്നു. ഇതോടെയാണ് യുവതിയെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടുടമ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് യുവതി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായത്. ഇതോടെ കേസെടുത്ത പൊലീസ് യുവതിക്കൊപ്പം താമസിച്ച യുവാവിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഇതിനായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തി. ഇതോടെയാണ് യുവാവ് പശ്ചിമ ബംഗാളിലേക്ക് കടന്നതായി കണ്ടെത്തിയത്. പശ്ചിമ ബംഗാളിലേക്ക് യാത്ര തിരിച്ച പൊലീസ് യുവാവ് പിടികൂടി മഹാരാഷ്‌ട്രയിലെത്തിച്ചു.
പൊലീസ് ചോദ്യം ചെയ്‌ത യുവാവ് കൊലക്കുറ്റം സമ്മതിച്ചതായി അഡിഷണൽ പൊലീസ് സൂപ്രണ്ട് പങ്കജ് ഷിർസാത് പറഞ്ഞു. ലൈവ് ഇന്‍ പങ്കാളിയായിരുന്ന യുവതി വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചതോടെയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി നല്‍കിയ മൊഴി.
Also Read: റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളെയും വെറുതെ വിട്ടു - Riyaz Maulvi Murder Case
മാര്‍ച്ച് ആദ്യമാണ് ഇരുവരും മഹാരാഷ്‌ട്രയിലെ ദഹാനുവില്‍ എത്തിയത്. യുവതി ഭാര്യയാണെന്ന് പറഞ്ഞാണ് പ്രതി വീട് വാടകയ്‌ക്കെടുത്തതെന്നും പൊലീസ് പറഞ്ഞു. പാൽഘറിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.