ഹൈദരാബാദ് : മാട്രിമോണി വഴി പരിചയപ്പെട്ട യുവതിക്ക് വിവാഹം വാഗ്‌ദാനം നല്‍കി തട്ടിയെടുത്തത് 2.71 കോടി രൂപ. തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ തട്ടിപ്പ് നടത്തി വന്നിരുന്ന പ്രതിയെ അറസ്റ്റ് ചെയ്‌തതായി സൈബരാബാദ് ക്രൈം ഡിസിപി കോതപ്പള്ളി നർസിംഹ, സൈബർ ക്രൈം എസിപി രവീന്ദർ റെഡ്ഡി എന്നിവർ അറിയിച്ചു. വിജയവാഡയ്ക്കടുത്തുള്ള പോരങ്കി ഗ്രാമത്തിലെ പൊട്‌ലൂരി ശ്രീ ബാല വംശി കൃഷ്‌ണ(37)യെ ആണ് പൊലീസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.
പ്രതിയായ യുവാവ് വാതുവയ്‌പ്പിനും റേസിങ്ങിനും അടിമയായിരുന്നു എന്ന് പൊലീസ് പറയുന്നു. മാട്രിമോണിയിൽ അക്കൗണ്ട് ഉണ്ടാക്കിയ പ്രതി, വ്യാജ പേരുകളിൽ യുവതികൾക്ക് വിവാഹ അഭ്യർഥനകൾ അയച്ചു. ഇയാള്‍ അയച്ച ആറോളം റിക്വസ്‌റ്റുകളാണ് സ്വീകരിക്കപ്പെട്ടത്.
ഇരയാകുന്നവരുടെ വിശ്വസം പിടിച്ചുപറ്റി ഫോൺ നമ്പറുകൾ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. താൻ അമേരിക്കയിലാണ് ജോലി ചെയ്യുന്നതെന്നും പാർട്‌ണര്‍ വിസ ലഭിക്കാൻ സിബില്‍ സ്‌കോർ ഉയർന്നതായിരിക്കണമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. തുടര്‍ന്ന് ഇരയാകുന്നവരെ കൊണ്ട് ലോൺ എടുപ്പിച്ച് തന്‍റെ അക്കൗണ്ടിലേക്ക് പണം മാറ്റുന്നതായിരുന്നു തട്ടിപ്പ് രീതി.
ഹൈദരാബാദ് മദീനഗുഡ സ്വദേശിനിയായ 30കാരിയെ വംശികൃഷ്‌ണ ബന്ധപ്പെട്ടു. അമേരിക്കയിലെ ഗ്ലെൻമാർക്ക് ഫാർമയിൽ അസിസ്റ്റന്‍റ് ഡയറക്‌ടറായി ജോലി ചെയ്യുകയാണെന്ന് വിശ്വസിപ്പിച്ചു. വിവാഹ ശേഷം പങ്കാളി വിസയില്‍ യുഎസിലേക്ക് വരുന്നതിന് സിബില്‍ സ്‌കോർ 845-ന് മുകളിലായിരിക്കണം എന്ന് പറഞ്ഞു.
യുവതിയുടെ സിബില്‍ സ്കോർ 743 ആയിരുന്നു. ഇത് കൂട്ടാനായി ഗ്ലെൻമാർക്ക് കമ്പനി വായ്‌പ നൽകുന്നുണ്ടെന്നും പ്രതി വിശ്വസിപ്പിച്ചു. പ്രതിയുടെ വാക്ക് വിശ്വസിച്ച യുവതി വ്യക്തിഗത വായ്‌പകളും ക്രെഡിറ്റ് കാർഡ് ലോണുകളും വാഹന വായ്‌പകളും എടുത്തു. തുക ഉടൻ തിരികെ നൽകുമെന്ന് ഉറപ്പു നൽകി പ്രതി ഇയാളുടെ അക്കൗണ്ടിലേക്ക് പണം മാറ്റി. 2.71 കോടി രൂപയാണ് പ്രതി ഇത്തരത്തില്‍ യുവതിയില്‍ നിന്ന് തട്ടിയെടുത്തത്.
പിന്നീട്, കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ യുവതി മാർച്ച് 16 ന് സൈബരാബാദ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സൈബർ ക്രൈം ഇൻസ്‌പെക്‌ടർ എസ് രമേശിന്‍റെ നേതൃത്വത്തിലുള്ള സംഘം സാങ്കേതിക തെളിവുകളോടെ പ്രതിയെ പിടികൂടിയിരുന്നു. ഇയാള്‍ക്കെതിരെ തെലങ്കാനയുടെ വിവിധ ഭാഗങ്ങളിലായി ഏഴ് കേസുകളും ആന്ധ്രയിലും തമിഴ്‌നാട്ടിലും ഓരോ കേസും നിലവിലുണ്ട്.
Also Read : സാങ്കേതിക വിദ്യയും ഡിജിറ്റൽ തട്ടിപ്പുകളും; സൈബർ സുരക്ഷയുടെ കാണാപ്പുറങ്ങൾ