കൊൽക്കത്ത : ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇന്ത്യ മുന്നണിയിലെ ഭിന്നത പരസ്യമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യ മുന്നണിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഇടതുപക്ഷം ശ്രമിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. സിപിഎമ്മുമായി യോജിക്കാൻ തനിക്കാവില്ലെന്നും മമത വ്യക്തമാക്കി. അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠയ്ക്ക് ബദലായി പശ്ചിമ ബംഗാളിൽ സംഘടിപ്പിച്ച സര്‍വ്വ മത സൗഹാര്‍ദ്ദ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് മമത സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ചത് (Mamata Banerjee Against CPM).
"പ്രതിപക്ഷ യോഗത്തിൽ ഞാനാണ് ഇന്ത്യ എന്ന പേര് നിർദ്ദേശിച്ചത്. എന്നാൽ യോഗത്തിൽ പങ്കെടുക്കുമ്പോഴെല്ലാം ഇടതുപക്ഷം അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി കാണുന്നു. ഇത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ 34 വർഷമായി ഞാൻ സിപിഎമ്മിനെതിരായി പോരാടുന്നു. പോരാടിയവരുമായി യോജിക്കാൻ എനിക്ക് കഴിയില്ല. അവരിൽനിന്നുള്ള ഉപദേശം സ്വീകരിക്കാനും ഞാനില്ല" - മമത വ്യക്‌തമാക്കി (Mamata Banerjee Against CPM).
ഇന്ത്യ മുന്നണി യോഗത്തില്‍ താൻ അപമാനം നേരിട്ടതായും മമത തുറന്നടിച്ചു. ഇത്തരം അപമാനങ്ങൾക്കിടയിലും താൻ മുന്നണി യോഗങ്ങളിൽ പങ്കെടുക്കുകയും, അതുമായി അഡ്‌ജസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ബിജെപിക്കെതിരെ താൻ യുദ്ധം ചെയ്യുകയാണ്. എന്നാൽ ചിലർക്ക് സീറ്റ് വിഭജനത്തെക്കുറിച്ച് ചർച്ചയ്ക്ക് താത്പര്യമില്ലെന്നും മമത കുറ്റപ്പെടുത്തി.
മത സൗഹാര്‍ദ്ദ റാലിയിലെ പ്രസംഗത്തിൽ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ് രാഷ്ട്രീയവത്കരിച്ചതിൽ കേന്ദ്ര സർക്കാരിനെതിരായ കടുത്ത വിമർശനങ്ങളും മമത ബാനർജി ഉന്നയിച്ചു. പ്രതിഷ്‌ഠ നടക്കവെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ക്ഷേത്രദർശനം നടത്താൻ പോയി തടയപ്പെട്ട പശ്ചാത്തലത്തിൽ ബിജെപിയെ നേരിടാൻ ക്ഷേത്രത്തിൽ പോയാൽ മാത്രം മതിയാകില്ലെന്നും മമത ചൂണ്ടിക്കാട്ടി. "എത്ര രാഷ്ട്രീയക്കാർ ബിജെപിയെ നേർക്കുനേർ എതിർത്തു ?, ആരോ ഒരു ക്ഷേത്രത്തിൽ പോയി അത് മതിയാകുമെന്ന് കരുതി. പക്ഷെ അത് അങ്ങനെയല്ല. ക്ഷേത്രവും ഗുരുദ്വാരയും പള്ളിയും മോസ്‌കും സന്ദർശിച്ചത് ഞാൻ മാത്രമാണ്. ഞാൻ യുദ്ധം ചെയ്‌തു. ബാബറി മസ്‌ജിദ് പ്രശ്‌നം നടന്നപ്പോഴും ഞാൻ തെരുവിലായിരുന്നു" - മമത പറഞ്ഞു (Mamata Attack BJP).
ബിജെപി സ്ത്രീവിരുദ്ധ പാർട്ടി : ബിജെപി സ്ത്രീവിരുദ്ധ പാർട്ടിയാണെന്നും മമത തുറന്നടിച്ചു. "അവർ (ബിജെപി) ശ്രീരാമനെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ സീതാദേവിയുടെ കാര്യമോ? ശ്രീരാമന്‍റെ വനവാസകാലത്തുടനീളം അദ്ദേഹത്തോടൊപ്പം സീതയും ഉണ്ടായിരുന്നു. ബിജെപി സ്ത്രീ വിരുദ്ധരായതിനാൽ അവളെക്കുറിച്ച് സംസാരിക്കുന്നില്ല. ഞങ്ങൾ ദുർഗ്ഗാദേവിയുടെ ആരാധകർ ആണ്, അതിനാൽ ഞങ്ങളെ മതത്തെക്കുറിച്ച് പഠിപ്പിക്കാൻ വരരുത്” - മമത വ്യക്തമാക്കി.
രാമനെ ആരാധിച്ചോളൂ, ഭക്ഷണത്തിൽ ഇടപെടരുത് : ഇന്നലെ (തിങ്കൾ) രാവിലെയും മമത ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മതത്തെ രാഷ്ട്രീയവത്കരിക്കുന്നതിൽ താൻ വിശ്വസിക്കുന്നില്ല. അത്തരം ആചാരങ്ങൾക്ക് എതിരാണ്. ശ്രീരാമനെ ആരാധിക്കുന്നവരോട് എതിർപ്പില്ല, പക്ഷെ ആളുകളുടെ ഭക്ഷണശീലങ്ങളിൽ ഇടപെടുന്നതിനെ എതിർക്കുന്നതായും മമത വിമർശിച്ചിരുന്നു.