കൊൽക്കത്ത: കേന്ദ്രസർക്കാർ നൽകാനുള്ള 21 ലക്ഷം തൊഴിലുറപ്പ് (MGNREGA) തൊഴിലാളികളുടെ വേതനം പശ്ചിമബംഗാൾ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി (West Bengal Chief Minister Mamata Banerjee). ഫെബ്രുവരി 21നകം ഫണ്ട് കൈമാറുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തിൽ കേന്ദ്രസർക്കാർ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് പശ്ചിമബംഗാളിന് കേന്ദ്രസർക്കാറിൽ നിന്നും ലഭിക്കാനുള്ള ഫണ്ടുകൾ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസത്തെ ധർണക്ക് മമത ബാനർജി തുടക്കം കുറിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം സംസ്ഥാന സർക്കാർ നൽകുമെന്നറിയിച്ചുകൊണ്ടുള്ള പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തങ്ങൾക്ക് ബിജെപിയിൽ നിന്ന് യാചിക്കാനോ അവരുടെ ഭിക്ഷയോ വേണ്ട. ഫെബ്രുവരി 21നകം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറും. ഇത് എന്‍റെ ആദ്യ ചുവടുവയ്‌പ്പാണെന്നും മമത ബാനർജി പറഞ്ഞു.
'ബംഗാളിനെ പട്ടിണിക്കിട്ട് കൊല്ലാമെന്നാണ് കേന്ദ്രസർക്കാർ വിചാരിക്കുന്നത്. അതിൽ വിജയിക്കാൻ അവരെ തങ്ങൾ അനുവദിക്കില്ല. എന്നിൽ വിശ്വസിക്കൂ. കുടുങ്ങിക്കിടക്കുന്ന ഫണ്ടുകൾ പടിപടിയായി എത്തിക്കാന്‍ ഞാൻ ശ്രമിക്കും' എന്നും അദ്ദേഹം പറഞ്ഞു.
ഈ പോരാട്ടം ദരിദ്രരായ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. പോരാട്ടം ഞങ്ങൾ തുടരും. ബംഗാളിലെ ഒരു പാവപ്പെട്ടവനുപോലും ആനുകൂല്യങ്ങൾ നഷ്‌ടപ്പെടാൻ അനുവദിക്കില്ല. ജീവനുള്ളടുത്തോളം കാലം ഞാൻ നിങ്ങൾക്ക് വേണ്ടി പോരാടുമെന്നും അവർ കൂട്ടിച്ചേർത്തു.
എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് നിന്നാൽ കേന്ദ്രത്തിലെ ബിജെപി സർക്കാർ അട്ടിമറിക്കപ്പെടുമെന്നും മമത അവകാശപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളും എല്ലാ മുന്നണി സംഘടനകളും എല്ലാ പ്രാദേശിക പാർട്ടികളും ദേശീയ പാർട്ടികളും മുന്നോട്ട് വന്നാൽ, ബിജെപിയുടെ പതനം സംഭവിക്കും. ബിജെപി രാജ്യത്തെ ജനങ്ങളെ ദീർഘകാലമായി പീഡിപ്പിക്കുകയാണ്. സംസ്ഥാനത്ത് പൗരത്വ (ഭേദഗതി) നിയമവും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി) നടപ്പാക്കാൻ താൻ ഒരിക്കലും അനുവദിക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി ആവർത്തിച്ചു.