ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ദിര്‍, മസ്‌ജിദ്, മുസ്‌ലിം എന്നിങ്ങനെയാണ് അദ്ദേഹം കൂടുതലായും സംസാരിച്ചത്. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വോട്ട് അഭ്യര്‍ഥിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശം പ്രധാനമന്ത്രി അവഗണിച്ചുവെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
421 തവണയാണ് പ്രചാരണത്തിനിടെ അദ്ദേഹം മന്ദിര്‍, മസ്‌ജിദ്, മുസ്‌ലിം എന്നിങ്ങനെയുള്ള പരാമര്‍ശം നടത്തിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ മോദി നടത്തിയ പ്രസംഗത്തില്‍ 232 തവണ കോണ്‍ഗ്രസിന്‍റെ പേരും 758 തവണ സ്വന്തം പേരും പറഞ്ഞു. എന്നാല്‍ രാജ്യത്തെ തൊഴിലില്ലായ്‌മയെ കുറിച്ച് അദ്ദേഹം ഇതുവരെയും സംസാരിച്ചില്ലെന്നും അധ്യക്ഷന്‍ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും. അതിലൂടെ രാജ്യത്ത് ഇന്ത്യ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ജൂണ്‍ 4ന് ബിജെപിക്ക് ബദലായി രാജ്യത്ത് പുതിയൊരു സര്‍ക്കാര്‍ ഭരണത്തിലേറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മറിച്ച് ബിജെപി സര്‍ക്കാരിന് ഒരവസരം കൂടി നല്‍കിയാല്‍ അതിലൂടെ ജനാധിപത്യത്തിന്‍റെ അന്ത്യമായിരിക്കും സംഭവിക്കുകയെന്ന് ഖാര്‍ഗെ പറഞ്ഞു.
ബ്രിട്ടീഷ് ചലചിത്ര സംവിധായകന്‍ റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധിയെന്ന ചിത്രത്തിന് ശേഷമാണ് മഹാത്മാഗാന്ധിയെ കുറിച്ച് ആഗോള അവബോധം ഉണ്ടായതെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെയും അധ്യക്ഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. പ്രധാനമന്ത്രി ഗാന്ധിയെ കുറിച്ച് പഠിച്ചിട്ടില്ലായിരിക്കാം എന്നാല്‍ മഹാത്മ ഗാന്ധി ലോകം മുഴുവന്‍ അറിയപ്പെടുന്ന വ്യക്തിത്വമാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Also Read: 'ഗാന്ധി സിനിമയിറങ്ങും മുന്‍പ് മഹാത്മാ ഗാന്ധിയെ ആര്‍ക്കും അറിയില്ലായിരുന്നു': നരേന്ദ്ര മോദി