പുരുലിയ (പശ്ചിമ ബംഗാൾ) : ജില്ലയിലെ ബാഗ്‌മുണ്ടി അസംബ്ലി മണ്ഡലത്തിലെ ജല്‌ദ ഗേൾസ് ഹൈസ്‌കൂൾ ബൂത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ലുങ്കി ധരിച്ചെത്തി പ്രിസൈഡിങ് ഓഫിസർ. ഓഫിസറുടെ വേഷം കണ്ടവര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ സംഭവത്തില്‍ രോഷാകുലനായി ബിജെപി സ്ഥാനാർഥി ജ്യോതിർമയ് സിങ് മഹാതോ ബൂത്തിലെത്തി വസ്‌ത്രധാരണത്തെ കുറിച്ച് പ്രിസൈഡിങ് ഓഫിസറോട് ചോദിച്ചറിഞ്ഞു.
ശാരീരിക ബുദ്ധിമുട്ട് മൂലമാണ് ലുങ്കി ധരിച്ചത് എന്നായിരുന്നു പ്രിസൈഡിങ് ഓഫിസറുടെ മറുപടി. ഇന്ന് രാവിലെ മുതൽ പുരുലിയയിലെ വിവിധ പ്രദേശങ്ങളിൽ പോളിങ് സുഗമമായി നടന്നിരുന്നു. അതേസമയം ജൽദ ഗേൾസ് ഹൈസ്‌കൂളിലെ ബൂത്തിലാണ് പ്രിസൈഡിങ് ഓഫിസര്‍ ലുങ്കി ധരിച്ച് എത്തിയത്.
വിവരമറിഞ്ഞ് ബൂത്തിലെത്തിയ ജ്യോതിർമയ് സിങ് മഹാതോ പ്രിസൈഡിങ് ഓഫിസറോട് പാന്‍റ്‌സ് ധരിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ബൂത്തിന് അകത്ത് വച്ച് തന്നെ പാന്‍റ്‌സ് ധരിക്കാന്‍ പ്രിസൈഡിങ് ഓഫിസര്‍ ശ്രമിക്കുകയായിരുന്നു. പ്രിസൈഡിങ് ഓഫിസർ അത്തരം വസ്‌ത്രം ധരിച്ചിരുന്നത് ഒരു പ്രത്യേക സമുദായത്തിലെ ആളുകൾക്ക് തിരിച്ചറിയാൻ വേണ്ടിയാണെന്ന് ബിജെപി സ്ഥാനാര്‍ഥി ആരോപിച്ചു.
എന്നാല്‍ ത്വക്ക് സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ലുങ്കി ധരിക്കുകയായിരുന്നു എന്നുമാണ് പ്രിസൈഡിങ് ഓഫിസര്‍ നല്‍കിയ മറുപടി. ശാരീരിക പ്രശ്‌നങ്ങളുണ്ടെങ്കിൽ ഡോക്‌ടറുടെ ഉപദേശപ്രകാരം വിശ്രമം എടുക്കാമായിരുന്നു എന്ന് ജ്യോതിർമയ് സിങ് മഹാതോ പറഞ്ഞു.
'തെരഞ്ഞെടുപ്പ് ജോലി ചെയ്യുമ്പോൾ അദ്ദേഹം ചില മര്യാദകൾ പാലിക്കേണ്ടതുണ്ട്. ഒരു പൊലീസുകാരൻ ഷോർട്ട്‌സ് ധരിച്ച് പോളിങ് ബൂത്തിൽ ജോലി ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കൂടാതെ ലുങ്കി ധരിച്ച് ഒരു സ്പെഷ്യൽ ക്ലാസിനെ സ്വാധീനിക്കുന്നു എന്നതും വ്യക്തമാണ്' -ജ്യോതിർമയ് സിങ് മഹാതോ പറഞ്ഞു.