ഉത്തര്‍പ്രദേശ് : എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ലഖ്‌നൗവിലെ ഹതാ ഹസ്രത്ത് സാഹബ് ഏരിയയിലെ ഇരുനില റസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ചൊവ്വാഴ്‌ച (05-03-2024) രാത്രി 10.30നാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം (2 LPG cylinder blast kills five).
സ്‌ഫോടനത്തിന് മുന്നോടിയായി വീട്ടില്‍ വലിയ തീപിടിത്തമുണ്ടാവുകയായിരുന്നു. തീപിടിച്ച ഉടൻ ഗ്യാസ് സിലിണ്ടറിൽ പൊട്ടിത്തെറിയുമുണ്ടായി. തീ വീടാകെ പടർന്നതിനാൽ കെട്ടിടത്തിനകത്തുള്ളവർക്ക് പുറത്തിറങ്ങാനായില്ല.
മുഷീർ അലി (50), ഭാര്യ ഹുസ്‌ന ബാനോ (45), മരുമക്കളായ രായ (5), ഹിബ (2), ഹുമ (3) എന്നിവരാണ് മരിച്ചത്. മുഷീറിന്‍റെ രണ്ട് പെൺമക്കൾ ഉൾപ്പടെ മറ്റ് നാല് പേരെ അപകടസ്ഥലത്തുനിന്നും ബ്രിഗേഡ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.
ഇഷ (17), ലകാബ് (21), അംജദ് (34), അനം (18) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എല്ലാവരെയും കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ (കെജിഎംയു) ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാകോരി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം നടന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി. കൂടാതെ ലോക്കൽ പൊലീസിൻ്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത് (2 LPG cylinder blast kills five).
അതേസമയം മുഷീർ അലി പടക്ക വിൽപ്പനക്കാരനാണെന്നും വീട്ടിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കളാകാം സ്ഫോടനത്തിലേക്കും തീപിടിത്തത്തിലേക്കും നയിച്ചതെന്നും പൊലീസിന് സൂചനയുണ്ട്. സംഭവത്തില്‍ കാകോരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറൻസിക് വിദഗ്‌ധരെ എത്തിച്ച് നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പൊലീസ്.