ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷക്കാലം രാജ്യം ആര് ഭരിക്കുമെന്ന് നാളെ അറിയാം. നാളെ രാവിലെ എട്ടിനാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക.
ഇത് പൂര്‍ത്തിയാകുന്നതോടെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണും. ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലീഡ് നിലയും ട്രെൻഡും വ്യക്തമായി തുടങ്ങും. വോട്ടെണ്ണല്‍ ദിനത്തിലെ ക്രമീകരണങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് വാര്‍ത്ത സമ്മേളനം നടത്തും.
വോട്ടെണ്ണലിൽ സുതാര്യത ഉറപ്പുവരുത്തണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യം രംഗത്തുവന്നിട്ടുണ്ട്. ഇതിനെതിരെ പരാതിയുമായി ബിജെപിയും രംഗത്തുണ്ട്. ഇന്ന് നടക്കാനിരിക്കുന്ന വാര്‍ത്താസമ്മേളത്തില്‍ കമ്മിഷൻ ഇക്കാര്യങ്ങളില്‍ പ്രതികരണം നടത്താനും സാധ്യതകളേറെ. ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലവും നാളെയാണ് പുറത്തുവരുന്നത്.
എക്‌സിറ്റ് പോളുകളില്‍ എൻഡിഎ തരംഗം: രാജ്യത്ത് മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോളുകളുടെ പ്രവചനം. തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. തെക്കേ ഇന്ത്യയിലും ബിജെപി പിടിമുറുക്കുമെന്നും സര്‍വേകളില്‍ പറയുന്നുണ്ട്.
ഇന്ത്യ മുന്നണിയ്‌ക്ക് 200 സീറ്റുകള്‍ നേടാൻ സാധിക്കില്ലെന്നാണ് സര്‍വേകളിലെ അഭിപ്രായം. എന്നാല്‍, എക്‌സിറ്റ് പോള്‍ ഫലങ്ങളെ പൂര്‍ണമായും തള്ളുകയാണ് ഇന്ത്യ സഖ്യം. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് 295 സീറ്റ് ഉറപ്പാണെന്നാണ് അവരും അവകാശപ്പെടുന്നത്.
കേരളം ആര്‍ക്കൊപ്പം? കേരളത്തില്‍ യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎ സഖ്യം കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും പ്രവചനങ്ങളുണ്ട്. മൂന്ന് സീറ്റുകള്‍ എങ്കിലും ഇത്തവണ ബിജെപി സ്വന്തമാക്കിയേക്കാമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം.
അതേസമയം, ഇടതുമുന്നണിയ്‌ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്താൻ സാധിക്കുമെന്നുാണ് ചില എക്‌സിറ്റ് പോളുകള്‍ പറയുന്നത്. എന്നാല്‍ നിലവിലുള്ള ഏക സീറ്റും അവര്‍ക്ക് നഷ്‌ടമായേക്കുമെന്നും ചില സര്‍വേകള്‍ പറയുന്നുണ്ട്.
543 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ഇത്തവണ നടന്നത്. ഏപ്രില്‍ 19, 26, മെയ് 7, 13, 20, 25, ജൂണ്‍ ഒന്ന് തീയതികളിലായിട്ടായിരുന്നു വോട്ടെടുപ്പ്. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇത്തവണ നടന്നത്.
ആദ്യഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക് എത്തി. 66.14 ശതമാനം പോളിങ് ആയിരുന്നു ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തില്‍ 66.71 ശതമാനവും മൂന്നാം ഘട്ടത്തില്‍ 65.68 ശതമാനം പോളിങ്ങും രേഖപ്പെടുത്തിയിരുന്നു.
69.16 ശതമാനം പോളിങ്ങായിരുന്നു നാലാം ഘട്ടത്തില്‍. അഞ്ചാം ഘട്ടത്തില്‍ 62.20 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ ആറാം ഘട്ടത്തില്‍ അത് 63.36 ശതമാനമായിരുന്നു. ജൂണ്‍ ഒന്നിന് നടന്ന അവസാന ഘട്ട തെരഞ്ഞെടുപ്പില്‍ 61.63 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.