പട്‌ന : ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിഹാറിലെ എൻഡിഎ സീറ്റ് വിഭജനത്തിൽ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം. കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവച്ച് ആര്‍എല്‍ജെപി പാർട്ടി മേധാവിയും കേന്ദ്രമന്ത്രിയുമായ പശുപതി കുമാർ പരാസ്. ബിഹാറിൽ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കാത്തതിൽ കേന്ദ്രമന്ത്രി പശുപതി പരാസ് നേതൃത്വത്തോട് അമർഷത്തിലായിരുന്നു (RLJP President Pashupati Paras Likely To Quit NDA).
ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനം പൂര്‍ത്തിയായിരുന്നു. സംസ്ഥാനത്തെ 40 ലോക്‌സഭ മണ്ഡലങ്ങളിൽ ബിജെപി 17, ജനതാദൾ (യു) 16, ലോക് ജനശക്തി പാർട്ടി (റാംവിലാസ്) 5, ഹിന്ദുസ്ഥാനി അവാം മോർച്ച 1, രാഷ്ട്രീയ ലോക് മഞ്ച് 1 എന്നിങ്ങനെയാണ് സീറ്റു വിഭജനം. ഇടഞ്ഞു നിൽക്കുന്ന കേന്ദ്രമന്ത്രി പശുപതി പരാസിന്‍റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയെ തഴഞ്ഞു ചിരാഗ് പസ്വാന്‍റെ നേതൃത്വത്തിലുള്ള എൽജെപിയെയാണ് (റാംവിലാസ്) എൻഡിഎ അംഗീകരിച്ചത്.
താൻ മത്സരിക്കുമെന്ന് പരാസ് തുടർച്ചയായി അവകാശപ്പെട്ടിരുന്ന ഹാജിപൂർ ഉൾപ്പെടെ അഞ്ച് ലോക്‌സഭ സീറ്റുകൾ ബിജെപിക്ക് നൽകിയിട്ടുണ്ട്. അതേസമയം പശുപതി പരാസ് എൻഡിഎയിൽ തുടരുകയാണെങ്കിൽ ഗവർണർ പദവിയാണ് അദ്ദേഹത്തിനായി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
ആർജെഡിയുമായുള്ള ചർച്ചയിൽ പരാസ് : ബിഹാറിലെ സീറ്റ് വിഭജനത്തിൽ നിന്നും ആർഎൽജെപിയെ ഒഴിവാക്കിയതോടെ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായുള്ള സഖ്യത്തിന് എല്ലാ വാതിലുകളും തുറന്നിടുമെന്ന് ആർഎൽജെപി പാർട്ടി സൂചന നൽകി. ഇതുമായി ബന്ധപ്പെട്ട് ആർജെഡി നേതൃത്വവുമായി പശുപതി പരാസ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർഎൽജെപി ഇന്ത്യൻ സഖ്യത്തിലേക്കുള്ള പ്രവേശനം ഉടൻ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയത്തിൽ ഒരിക്കലും തങ്ങളുടെ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്ന് നവാഡയിൽ നിന്നുള്ള ആർഎൽജെപി എംപി ചന്ദൻ സിങ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ലാലു യാദവുമായി തങ്ങൾക്ക് പഴയ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിറ്റിങ് എംപിമാർക്കുള്ള സീറ്റിൽ പരാസ് ഉറച്ചുനിന്നു : കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി അധ്യക്ഷനുമായ പശുപതി കുമാർ പരാസ് തൻ്റെ എല്ലാ എംപിമാരും അതത് സിറ്റിങ് സീറ്റുകളിൽ നിന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു (Lok Sabha Election 2024: RLJP President Pashupati Paras Likely To Quit NDA, Resign From Union Cabinet).
"ഞങ്ങൾ ആരുമായും സംസാരിച്ചിട്ടില്ല, പക്ഷേ ഞാൻ (ലോക്‌സഭ തിരഞ്ഞെടുപ്പ്) ഹാജിപൂരിൽ നിന്ന് മത്സരിക്കും. ഞങ്ങളുടെ എല്ലാ സിറ്റിങ് എംപിമാരും അവരവരുടെ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും. ഇത് ഞങ്ങളുടെയും പാർട്ടിയുടെയും തീരുമാനമാണ്. ഞങ്ങൾക്ക് അർഹമായ ബഹുമാനം ലഭിച്ചില്ലെങ്കിൽ, ഞങ്ങളുടെ പാർട്ടിക്ക് എവിടെയും പോകാൻ സ്വാതന്ത്ര്യമുണ്ട്" -ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ സ്ഥാനാർഥി പട്ടികയ്ക്ക് മുന്നോടിയായി അദ്ദേഹം പറഞ്ഞു.
മാർച്ച് 18ന് തിങ്കളാഴ്‌ചയാണ് ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനം പ്രഖ്യാപിച്ചത്. അതിൽ ബിജെപിക്ക് 17 സീറ്റും, ജനതാദൾ യുണൈറ്റഡിന് 16 സീറ്റും, ചിരാഗ് പസ്വാൻ്റെ ലോക് ജനശക്തി പാർട്ടിക്ക് 5 സീറ്റും, ജിതൻ റാം മാഞ്ചിയുടെ എച്ച്എഎമ്മിനും ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎമ്മിനും ഓരോ സീറ്റും ലഭിച്ചു. പശുപതി പരാസിൻ്റെ ആർഎൽജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചിട്ടില്ല. ഇതാണ് വിവാദങ്ങള്‍ക്കും, രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയും എന്‍ഡിഎയുമായുള്ള ബന്ധം വഷളാകാനും കാരണമായത്.