കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ത്രിണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ജൂൺ നാലിന് ശേഷം എല്ലാ ജയിലുകളും നിറയുമെന്ന മോദിയുടെ പ്രസ്‌താവന രാജ്യത്തെ പ്രധാനമന്ത്രിക്ക് യോജിച്ചതാണോ എന്നാണ് മമത ചോദ്യമുന്നയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലിലടക്കുക എന്നതാണ് മോദി ഗ്യാരണ്ടിയെന്നും മമത ആരോപിച്ചു.
രാജ്യത്തെയൊട്ടാകെ ജയിൽ പോലെ ആക്കുകയാണ് മോദി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോദി രാജ്യത്തെ മുഴുവനും ജയിലാക്കി മാറ്റിയതായും ആരോപിച്ചു. ബങ്കുര, ബിഷ്‌ണുപൂർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു മമത.
സംസ്ഥാനത്തെ വിവിധ അഴിമതിക്കേസുകളിലെ പ്രതികളെ ജയിലിലാക്കുമെന്ന് ഇന്നലെ (ഏപ്രിൽ 7) ജൽപായ്‌ഗുരിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മോദി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ബങ്കുരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദിക്കെതിരെ വിമർശനവുമായി മമത രംഗത്തെത്തിയത്.