ന്യൂഡൽഹി : തൃണമൂൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഹെലികോപ്‌ടറിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. എന്നാൽ പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താനായില്ല. നാളെ തംലൂക്കിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിന് മുന്നോടിയായി ബെഹാല ഫ്ലൈയിങ് ക്ലബിൽ വച്ച് ഹെലികോപ്‌ടറിന്‍റെ ട്രയൽ റൺ നടന്നിരുന്നു. ഇതിനിടെ തുടർന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
ഏറെ നേരം തെരച്ചിൽ നടത്തിയിട്ടും ഹെലികോപ്‌ടറിൽ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു. സംഭവത്തെ തുടർന്ന് അഭിഷേക് ബാനർജി എക്‌സിൽ പ്രതികരണവുമായി എത്തിയിരുന്നു. കൊൽക്കത്തയിൽ നിന്ന് ഹാൽദിയയിലേക്ക് ഹെലികോപ്‌ടർ ട്രയൽ റൺ നടത്തുന്നതിന് എതിർപ്പ് ഉയർന്നതായും പറയപ്പെടുന്നു.
സംഭവത്തിൽ ബിജെപിക്കെതിരെ എതിർപ്പറിയിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കേന്ദ്ര സംഘടനകൾ ബിജെപിക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും, തങ്ങളുടെ പാർട്ടിയെ ബിജെപിക്ക് ഭയമാണെന്നും അദ്ദേഹം ആരോപിച്ചു. പരിശോധനയ്‌ക്ക് പിന്നാലെ അഭിഷേക് ബാനർജി എക്‌സിൽ കുറിച്ചതിങ്ങനെ, "തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ചേർന്ന് ഇന്ന് എൻ്റെ ഹെലികോപ്‌ടറും സുരക്ഷ ഉദ്യോഗസ്ഥരെയും പരിശോധിച്ചു. എന്നാൽ ഒന്നും തന്നെ കണ്ടെത്താനായില്ല. ഭൂവുടമകൾക്ക് അധികാരമുപയോഗിച്ച് എന്തും ചെയ്യാമെങ്കിലും ബംഗാളിൻ്റെ മനോവീര്യം കുലുക്കാൻ ആർക്കുമാവില്ല."