ഗാന്ധിനഗർ: സൂറത്ത് ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയെ ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി സസ്‌പെൻഡ് ചെയ്‌തു. ആറ് വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്‌തത്. കുംഭാനിയുടെ നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് ജിപിസിസിയുടെ അച്ചടക്ക സമിതി നടത്തിയ യോഗത്തിന് പിന്നാലെയാണ് തീരുമാനം.
കുംഭാനി സമർപ്പിച്ച രേഖകളിലെ ഒപ്പിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി നാമനിർദേശ പത്രിക കളക്‌ടർ തള്ളിയിരുന്നു. ഇതു സംബന്ധിച്ച് വിശദീകരണം നൽകാൻ കുംഭാനിക്ക് ജിപിസിസിയുടെ അച്ചടക്ക സമിതി സമയം നൽകിയിരുന്നു. എന്നാൽ അദ്ദേഹം കമ്മിറ്റിയുമായി ആശയവിനിമയം നടത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്‌തത്.
നാമനിർദേശ പത്രിക റദ്ദാക്കിയതിന് പിന്നാലെ നിയമ നടപടിയിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് താനെന്ന് കുംഭാനി പ്രതികരിച്ചിരുന്നു. പാർട്ടി നേതാക്കളെ കാണുമെന്നും കോടതിയിൽ ഹർജി നൽകുമെന്നുമാണ് നിലേഷ് കുംഭാനി അറിയിച്ചത്. എന്നാൽ പിന്നീട് അദ്ദേഹം ആരുമായും ബന്ധപ്പെട്ടിരുന്നില്ല. അതേസമയം ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ബിജെപിയോട് കടുത്ത എതിർപ്പ് അറിയിച്ചു. ബിജെപി എല്ലാ സംവിധാനങ്ങളും ദുരുപയോഗം ചെയ്യുകയാണെന്ന് ജിപിസിസി ആരോപിച്ചു.
നാമനിർദേശ പത്രികയിലെ കുംഭാനി സമർപ്പിച്ച രേഖകളിലെ ഒപ്പിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതിനു ശേഷമാണ് ബിജെപി രംഗത്തെത്തിയത്. ഒപ്പിൽ വൈരുദ്ധ്യം കണ്ടെത്തിയ കളക്‌ടർ പത്രിക തള്ളി. ഇതോടെ സൂറത്ത് ലോക്‌സഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ നിർത്തി വെക്കണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. ഇതിനായി നിയമ നടപടിക്കൊരുങ്ങുകയാണ് കോൺഗ്രസ്.
Also Read: സൂറത്ത് ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ല; നാമനിർദ്ദേശ പത്രിക റദ്ദാക്കി