ന്യൂഡല്‍ഹി : ബിജെപി പ്രകടന പത്രിക നുണകളുടെ ഒരു കെട്ടാണെന്ന് കോണ്‍ഗ്രസ്. പരാജയപ്പെട്ട വാഗ്‌ദാനങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചിരിക്കുന്നുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 2014ലെ കള്ളപ്പണം പോലെ പാലിക്കാനാകാത്ത വാഗ്‌ദാനത്തില്‍ നിന്ന് മാറി ഇപ്പോള്‍ തെരഞ്ഞെടുപ്പ് കടപ്പത്രങ്ങളിലേക്ക് എത്തി നില്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ബിജെപി പ്രകടന പത്രിക നിറയെ അസംബന്ധങ്ങളായ വാഗ്‌ദാനങ്ങളാണ്. മോദിയുടെ ഗ്യാരന്‍റി മുന്‍കാലങ്ങളില്‍ അദ്ദേഹം നല്‍കിയ പാലിക്കപ്പെടാത്ത വാഗ്‌ദാനം പോലെ ആയി മാറുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി മോദി യാതൊന്നും ചെയ്‌തില്ല. മോദി തൊഴിലിന് വേണ്ടി യുവാക്കളെ മുഴുവന്‍ തെരുവിലിറക്കിയെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. പത്ത് വര്‍ഷമായി രാജ്യത്തെ തൊഴിലില്ലായ്‌മയ്ക്കും വിലക്കയറ്റത്തിനും കാരണം രണ്ട് പ്രാവശ്യത്തെ ബിജെപി ഭരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയാറാക്കാന്‍ മൂന്ന് മാസമെടുത്തതായി തെരഞ്ഞെടുപ്പ് പ്രകടന പത്രിക സമിതിയംഗം ടി എസ് സിങ് ദിയോ പറഞ്ഞു. പൊതുസമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നു പതിനായിരക്കണക്കിന് പേരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷമാണ് തങ്ങള്‍ പ്രകടന പത്രിക തയാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബിജെപി കേവലം പതിമൂന്ന് ദിവസം കൊണ്ട് പ്രകടന പത്രിക തയാറാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പകര്‍ത്തി ഒട്ടിക്കലാണ് അവര്‍ നടത്തിയതെന്നും അദ്ദേഹം പരിഹസിച്ചു.
തങ്ങളുടെ പ്രകടന പത്രിക രണ്ട് വലിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. തൊഴിലില്ലായ്‌മയും വിലക്കയറ്റവും. എന്നാല്‍ ബിജെപിയുടെ പ്രകടന പത്രിക ഈ രണ്ട് വിഷയങ്ങളെക്കുറിച്ചും മൗനം പാലിക്കുന്നുവെന്നും സിങ് ദിയോ ഇടിവി ഭാരതിനോട് പറഞ്ഞു. അവര്‍ക്ക് എവിടെ നിന്നോ ഒരു പട്ടിക കിട്ടി അത് അത് പോലെ തന്നെ പകര്‍ത്തി വച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് വലിയ പ്രശ്‌നങ്ങള്‍ക്ക് എന്ത് ചെയ്യുമീ സര്‍ക്കാരെന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത്. ഈ പ്രകടന പത്രിക ഒരു നുണക്കെട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്ത് വര്‍ഷമായി ബിജെപി നല്‍കിയ വാഗ്‌ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് കോണ്‍ഗ്രസ് അമ്പരന്നിരിക്കുകയാണ്. എല്ലാവരുടെയും അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം രൂപ നിക്ഷേപിക്കും, പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ നല്‍കും, 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, 2020ഓടെ ഗംഗാ നദി വൃത്തിയാക്കും, 2022ഓടെ എല്ലാ പാവപ്പെട്ടവര്‍ക്കും വീട് നിര്‍മിച്ച് നല്‍കും, 100 പുതിയ സ്‌മാര്‍ട്ട്സിറ്റി, 2022ഓടെ രാജ്യത്തെ അഞ്ച് ലക്ഷം കോടി ഡോളറുള്ള സമ്പദ്ഘടനയാക്കും തുടങ്ങിയ വാഗ്‌ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചു? എന്നും കോണ്‍ഗ്രസ് ചോദിച്ചു.
ഇവയെല്ലാം ഒറ്റയടിക്ക് ഇവര്‍ വിഴുങ്ങിയിരിക്കുന്നു. 2047ല്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ പ്രകടനപത്രികയില്‍ പറയുന്നത്. 2014 മുതല്‍ പാലിക്കപ്പെടാത്ത വാഗ്‌ദാനങ്ങളെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. സാധാരണ ഗതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങള്‍ അവതരിപ്പിക്കും. അടുത്ത അഞ്ച് കൊല്ലം അധികാരത്തിലെത്തിയാല്‍ എന്ത് ചെയ്യും എന്നതിനെക്കുറിച്ചും വിശദീകരിക്കും. എന്നാല്‍ ബിജെപിയുടെ പ്രകടന പത്രികയില്‍ ഇതൊന്നും പരാമര്‍ശിക്കുന്നേയില്ല.
2047ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുമെന്നാണ് ബിജെപി പറയുന്നത്. പക്ഷേ ഇതിന് നമ്മുടെ സമ്പദ്ഘടന എട്ട് ശതമാനം വളരേണ്ടതുണ്ടെന്ന് എഐസിസി അംഗം ബി സന്ദീപ് കുമാര്‍ ചൂണ്ടിക്കാട്ടി. എല്ലാ അവകാശവാദങ്ങളും അവിടെ നില്‍ക്കട്ടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നമ്മുടെ സമ്പദ്ഘടന കേവലം 5.9 ശതമാനം മാത്രമാണ് വളര്‍ന്നത്. 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷത്തെ യുപിഎ ഭരണകാലത്ത് രാജ്യത്തെ സമ്പദ്ഘടനയുടെ വളര്‍ച്ച 6.7 ശതമാനമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നെ എങ്ങനെയാണ് 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുന്നത് എന്നും അദ്ദേഹം ചോദിച്ചു.
ദൈനംദിന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി ബിജെപി ഒരു രാഷ്‌ട്രം ഒറ്റതെരഞ്ഞെടുപ്പ്, പൊതു സിവില്‍ കോഡ്, തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഇറങ്ങിയിരിക്കുകയാണെന്ന് എഐസിസി അംഗം ആശിഷ് ദുവ ചൂണ്ടിക്കാട്ടി. അവര്‍ക്ക് ദേശീയ തെരഞ്ഞെടുപ്പ് പോലും ഒറ്റഘട്ടമായി നടത്താനാകുന്നില്ല. മിക്ക സംസ്ഥാനങ്ങളിലും പല ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. പിന്നെ എങ്ങനെയാണ് രാജ്യം മുഴുവനും സംസ്ഥാന-ദേശീയ തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താനാകുക. തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
ചൈന ഇന്ത്യന്‍ അതിര്‍ത്തിയിലെ മണ്ണ് കയ്യടക്കുന്നു. എന്നാല്‍ ബിജെപിയില്‍ നിന്ന് ശക്തമായ നടപടിയുണ്ടാകുന്നില്ല. ചൈന കണ്ണുരുട്ടി ഭീഷണിപ്പെടുത്തുന്നത് കൊണ്ടാണ് അത്. ലഡാക്കിലെ നിരവധി കേന്ദ്രങ്ങളില്‍ പട്രോളിങ് നടത്താന്‍ പോലും നമ്മുടെ സേനയെ ഇവര്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണ രേഖ പ്രശ്‌നം 2020 മുതല്‍ തുടങ്ങിയതാണ്. അരുണാചലിലെ നിരവധി പ്രദേശങ്ങളുടെ പേര് മാറ്റി ചൈന നിരന്തരം നമ്മെ പ്രകോപിപ്പിക്കുന്നു. എന്നാല്‍ ഇതിനെതിരെ നാം പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.