ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരു ദിവസം മുൻപ് വാർത്താസമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 31.2 കോടി സ്‌ത്രീകൾ ഉൾപ്പടെ 64.2 കോടി പേര്‍ വോട്ട് രേഖപ്പെടുത്തി ലോക റെക്കോർഡ് സൃഷ്‌ടിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അറിയിച്ചു. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുൻപ് കമ്മിഷൻ മാധ്യമങ്ങളെ കാണുന്നത്.
1952 മുതൽ ഒരു ലോക്‌സഭ തെരഞ്ഞെടുപ്പിലും കമ്മിഷൻ വോട്ടെടുപ്പിന് ശേഷമോ ഫലത്തിന് മുമ്പോ പത്രസമ്മേളനം നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ ചരിത്രപരമായിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. 4 ദശകങ്ങളിലെ ഏറ്റവും ഉയർന്ന പോളിങ്ങാണ് ജമ്മു കശ്‌മീരിൽ രേഖപ്പെടുത്തിയത്. 58.58% ആണ് ജമ്മു കശ്‌മീരിലെ മൊത്തം പോളിങ്. ഇതൊരു വ്യത്യസ്‌തമായ വിജയഗാഥയാണ്.
ഞങ്ങൾക്ക് എവിടെയെങ്കിലും എന്തെങ്കിലും പിഴവ് സംഭവിച്ചാൽ, ദയവായി ഞങ്ങളെ അറിയിക്കുക. പക്ഷേ വോട്ടെണ്ണൽ കേന്ദ്രത്തിൽ അക്രമസംഭവങ്ങൾക്ക് ഇടവരുത്തരുത്. കൗണ്ടറിൽ ഇരിക്കുന്നവർക്കും മത്സരിക്കുന്നവർക്കും ഇതുവരെ പരാതിയുണ്ടായിട്ടില്ല. പിന്നെ പരാതി എവിടെ നിന്നാണെന്ന് അറിയില്ല. എല്ലാം സുതാര്യതയോടെ തന്നെ ചെയ്യും.
70 വർഷമായി ഈ പ്രക്രിയ തുടരുന്നു. കൗണ്ടിംഗ് ഏജൻ്റുമാർ, ആർഒമാർ, സ്ഥാനാർഥികൾ എന്നിവരുൾപ്പെടെ എല്ലാവർക്കും ഞങ്ങൾ കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇന്നലെ ചേർന്ന സര്‍വകക്ഷി യോഗത്തിൽ സിസിടിവി, ദിവസവും തീയതിയും കാണിക്കണം, ഓരോ റൗണ്ടിൻ്റെയും ഫലം പ്രദർശിപ്പിക്കണം തുടങ്ങിയ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഞങ്ങൾ ഇതെല്ലാം നടപ്പിലാക്കും.
മികച്ച ആസൂത്രണത്തിലൂടെ വോട്ടിങ് നടത്തിയതുപോലെ, വോട്ടെണ്ണലും വേഗത്തിലാക്കും. ഒരു തെറ്റും പറ്റില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ആഘോഷത്തിൽ 68,000 നിരീക്ഷണ ടീമുകളും 1.5 കോടി പോളിങ്, സുരക്ഷ ഉദ്യോഗസ്ഥരും പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച കമ്മിഷണർ വോട്ടിങ് ക്രമീകരണങ്ങളെ കുറിച്ചും വോട്ടെണ്ണൽ പ്രക്രിയകളെ കുറിച്ചും വ്യക്തമാക്കി.
വോട്ടിങ്ങിലെ സ്‌ത്രീപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഒരു നേതാവും സ്‌ത്രീകളുടെ അന്തസിനെ ഹനിക്കുന്ന ഒന്നും പറയരുതെന്ന് ഞങ്ങൾ തെരഞ്ഞെടുപ്പിലുടനീളം വ്യക്തമാക്കിയിരുന്നു. ആരെങ്കിലും അങ്ങനെ ചെയ്‌താൽ അവർക്കെതിരെ കർശന നടപടിയെടുക്കും.
പ്രായമായ വോട്ടർമാർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഞങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ ബൂത്തിലെത്താൻ ആഗ്രഹിക്കുന്നുവെന്ന് അവർ ഞങ്ങളോട് പറഞ്ഞു. ഭാവിയിൽ യുവാക്കളും ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളും.
തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ കാണുന്നില്ലെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ മീമുകളിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പ്രതികരിച്ചു. തങ്ങൾ എപ്പോഴും ഇവിടെ ഉണ്ടായിരുന്നു എന്നും ഒരിക്കലും കാണാതാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ജനഹിതമറിയാൻ മണിക്കൂറുകള്‍ ബാക്കി; ആകാംക്ഷയിലും ആശങ്കയിലും മുന്നണികള്‍