ജയ്‌പൂർ (രാജസ്ഥാൻ) : ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ഇന്നലെ പ്രഖ്യാപിച്ചതിന് പിന്നാലെ ജലോർ മണ്ഡലത്തിലെ മകൻ വൈഭവ് ഗെലോട്ടിൻ്റെ തോൽവിയെക്കുറിച്ച് സംസാരിച്ച് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആ സീറ്റ് ജയിക്കാൻ ഏറെ പ്രയാസമാണെന്ന് അശോക് ഗെലോട്ട് പറഞ്ഞു.
'അതൊരു പ്രയാസമേറിയ മണ്ഡലമായിരുന്നു. ഗുജറാത്തിൻ്റെ അതിർത്തിയോട് അടുത്തുളള മണ്ഡലമാണ്. അവിടെ സംസാരിക്കുന്ന ഭാഷ ഗുജറാത്തികൾക്ക് മനസിലാകും. കഴിഞ്ഞ 20 വർഷമായി ഞങ്ങൾ ആ സീറ്റ് നേടിയിട്ടില്ല. ഇപ്പോഴും നേടാനായില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നന്നായി നടന്നു.
പാർട്ടി ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്, അതിനാൽ ഞങ്ങൾ ജയിച്ചാലും തോറ്റാലും രാഷ്‌ട്രീയത്തിൽ ശക്തമായി നിൽക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. സീറ്റ് ലഭിക്കാൻ വളരെ ബുദ്ധിമുട്ടുളള മണ്ഡലമാണെന്ന് ഞങ്ങൾക്ക് ആദ്യം തന്നെ അറിയാമായിരുന്നു.
രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും കോൺഗ്രസിൻ്റെയും സാഹചര്യം മനസിലാക്കി അവിടെ നിന്ന് മത്സരിക്കാൻ വൈഭവ് ഗെലോട്ട് തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം നന്നായി നടന്നു. അതിനാൽ ഞങ്ങളുടെ സന്ദേശം പൊതുജനങ്ങളിലേക്കെത്തുകയും ചെയ്‌തു'- അശോക് ഗെലോട്ട് പറഞ്ഞു.
രാജസ്ഥാനിൽ 25ൽ 14 സീറ്റുകളും ബിജെപി നേടിയപ്പോൾ കോൺഗ്രസിന് എട്ട് സീറ്റുകൾ നേടാനായി. സിപിഐ (എം), രാഷ്ട്രീയ ലോക്‌താന്ത്രിക് പാർട്ടി, ഭാരത് ആദിവാസി പാർട്ടി എന്നിവയ്ക്ക് ഓരോ സീറ്റ് വീതം നേടാനായി. 2019ലെ തെരഞ്ഞെടുപ്പിൽ 24 സീറ്റുകൾ നേടി രാജസ്ഥാനിൽ ഭൂരിപക്ഷം ഉറപ്പിച്ച ബിജെപി ഇപ്പോൾ 14 ആയി കുറഞ്ഞു. 2019ലെ പൂജ്യത്തിൽ നിന്ന് 2024ലെ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകൾ നേടുന്നതിലേക്ക് കോൺഗ്രസ് മികച്ച തിരിച്ചുവരവ് നടത്തി.
ജലോർ മണ്ഡലത്തിൽ ബിജെപിയുടെ ലുംബറാം 2,01,543 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിൻ്റെ വൈഭവ് ഗെലോട്ടിനെ പരാജയപ്പെടുത്തി. ലുംബറാം 7,96,783 വോട്ടുകൾ നേടിയപ്പോൾ വൈഭവ് ഗെലോട്ടിന് 5,95,240 വോട്ടുകൾ ലഭിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ 55,711 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിക്കാനീർ സീറ്റിൽ വിജയിച്ചത്.
കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് 48,282 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അൽവാറിൽ നിന്ന് വിജയിച്ചത്. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് 1,15,677 വോട്ടുകൾക്ക് ജോധ്പൂർ സീറ്റിൽ വിജയിച്ചു. ലോക്‌സഭ സ്‌പീക്കർ ഓം ബിർള കോട്ടയിൽ നിന്ന് 41,974 വോട്ടുകൾക്ക് വിജയിച്ചു.
കോൺഗ്രസ് സ്ഥാനാർഥി മുരാരി ലാൽ മീണ ദൗസയിൽ നിന്ന് 2,37,340 വോട്ടുകൾക്കും ബ്രിജേന്ദ്ര സിങ് ഓല 18,235 വോട്ടുകൾക്കും, ഹരീഷ് ചന്ദ്ര മീണ 64,949 വോട്ടുകൾക്കും, ഉമ്മേദ റാം ബെനിവാൾ 1,18,176 വോട്ടുകൾക്കും വിജയിച്ചു. രാജസ്ഥാനിലെ 25 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 19, 26 തീയതികളിൽ യഥാക്രമം ഒന്നും രണ്ടും ഘട്ടങ്ങളിലായി പൂർത്തിയായി.
Also Read: ജനങ്ങള്‍ ഭരണഘടനയേയും ജനാധിപത്യത്തെയും സംരക്ഷിച്ചു; രാഹുല്‍ ഗാന്ധി