ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടം അവസാനിച്ചപ്പോള്‍ 58.98 ശതമാനം പോളിങ് രേഖപ്പെടുത്തി. എട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 58 സീറ്റുകളിലേക്കാണ് ഇന്ന് (25-05-2024) തെരഞ്ഞെടുപ്പ് നടന്നത്.
പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്,78.19 ശതമാനമാണ് ബംഗാളിലെ പോളിങ് നിരക്ക്. ബിഹാര്‍ 53.26 ശതമാനം, ഹരിയാന 58.27 ശതമാനം, ജമ്മു കശ്‌മീര്‍ 52.07 ശതമാനം, ജാര്‍ഖണ്ഡ് 62.71 ശതമാനം, ഡല്‍ഹിയിലെ എന്‍സിടി 54.48 ശതമാനം, ഒഡിഷ 60.07 ശതമാനം, ഉത്തര്‍പ്രദേശ് 54.03 ശതമാനം എന്നിങ്ങനെയാണ് പോളിങ്.
ഒഡിഷയിലെ 42 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടവും ഇന്ന് നടന്നു. 11 കോടിയിലധികം വോട്ടർമാരാണ് രജിസ്റ്റർ ചെയ്‌തിരുന്നത്. ജമ്മു കശ്‌മീരിലെ അനന്ത്നാഗ്-രജൗരി സീറ്റുകളിലേക്കും ഇന്നാണ് വോട്ടെടുപ്പ് നടന്നത്. പ്രതികൂല കാലാവസ്ഥയും ലോജിസ്റ്റിക് പ്രശ്‌നങ്ങളും കാരണം തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിൽ നിന്ന് ആറിലേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു.
ആറാം ഘട്ടത്തില്‍ പശ്ചിമ ബംഗാളില്‍ നിന്നാണ് സംഘര്‍ഷത്തിന്‍റെ വാര്‍ത്തകളെത്തിയത്. പോളിങ്ങിനിടെ ബൂത്ത് സന്ദര്‍ശിക്കാന്‍ എത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് നേരെ കല്ലേറ് ഉണ്ടായി. ആയിരത്തോളം പരാതികളാണ് ഇന്ന് പശ്ചിമ ബംഗാളില്‍ നിന്ന് മാത്രം തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്. ബാക്കിയുള്ള 57 പാർലമെന്‍റ് മണ്ഡലങ്ങളിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും. ജൂൺ 4 നാണ് വോട്ടെണ്ണൽ.