ന്യൂഡല്‍ഹി: ലോക്‌സഭയിലെ ഭരണഘടന ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ പിന്നിലേക്ക് കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമം. നവീന ഇന്ത്യയുടെ രേഖയാണ് ഭരണഘടനയെന്നും ഗാന്ധിയുടെയും നെഹ്റുവിന്‍റെയും അംബ്ദേക്കറിന്‍റെയും ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയുടെ ചെറിയ പതിപ്പ് കയ്യില്‍ കരുതിയാണ് രാഹുല്‍ പാര്‍ലമെന്‍റില്‍ സംസാരിച്ചുതുടങ്ങിയത്. ചര്‍ച്ചയില്‍ വിഡി സവര്‍ക്കറെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ല എന്നായിരുന്നു സവര്‍ക്കറുടെ അഭിപ്രായം.
മനുസ്‌മൃതിയാണ് ഔദ്യോഗിക രേഖ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഭരണഘടനയെ സംരക്ഷിക്കുമെന്ന് ബിജെപി പറയുന്നത് സവര്‍ക്കറെ അപമാനിക്കുന്നതിന് തുല്യമാണ്. ഭരണഘടനയല്ല, മനുസ്‌മൃതിയാണ് ഇന്നും ബിജെപിയുടെ നിയമസംഹിത.
ബിജെപി ഭരിക്കുന്ന യുപിയില്‍ മനുസ്‌മൃതിയാണ് അവര്‍ പിന്തുടരുന്നത്. ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായ കുട്ടിയുടെ കുടുംബത്തെ ഭരണസംവിധാനം ഒറ്റപ്പെടുത്തി. രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തുല്യത ഇല്ലാതായി. ജാതി സെൻസസ് കൊണ്ടുവരാത്തത് തുല്യതയില്ലായ്‌മയുടെ തെളിവാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമം എന്നും ചൂണ്ടിക്കാട്ടിയ രാഹുല്‍ ചര്‍ച്ചയില്‍ ഏകലവ്യന്‍റെ കഥയും പരാമര്‍ശിച്ചു. ഇന്ത്യയില്‍ യുവാക്കളുടെ സ്ഥിതി ഏകലവ്യൻ്റെ വിരൽ മുറിച്ച പോലെയാണ്. അദാനിക്കും ലാറ്ററല്‍ എൻട്രിക്കും അവസരം നല്‍കി യുവാക്കളുടെ അവസരം ഇല്ലാതാക്കുകയാണ്. കര്‍ഷകരുടെയും വിരല്‍ രാജ്യത്ത് മുറിക്കുകയാണ്. വിരല്‍ നഷ്‌ടപ്പെട്ട കയ്യാണ് ഇന്നത്തെ മുദ്ര. ഭരണഘടനയ്‌ക്കൊപ്പം തന്നെ നീതി നിഷേധവും ചര്‍ച്ച ചെയ്യപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സഭയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും മറുപടി പറയും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് മോദിയുടെ പ്രസംഗം.
വിഷയത്തില്‍ പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗവും ശ്രദ്ധ നേടിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന ശൈലിയിലായിരുന്നു പ്രിയങ്ക സംസാരിച്ചത്. പ്രിയങ്കയുടെ പ്രസംഗം ഒരുഘട്ടത്തില്‍ പോലും തടസപ്പെടുത്താൻ ഭരണകക്ഷിയിലെ അംഗങ്ങള്‍ തയ്യാറായിരുന്നില്ല. എന്നാല്‍, ഇന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ സഭയില്‍ ബഹളം ഉയര്‍ന്നിരുന്നു.
Also Read : ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ബില്ല് ഡിസംബർ 16ന് ലോക്‌സഭയില്‍