ഹൈദരാബാദ് : നാലുദിവസം മുന്‍പ് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ കണ്ട പുള്ളിപ്പുലിയെ പിടികൂടാനാകാതെ കുഴഞ്ഞ് അധികൃതര്‍. പിടികൂടാന്‍ സ്ഥാപിച്ച കെണിയില്‍ പുലി വീണില്ല. ഇതോടെ പുലിയെ പിടികൂടാന്‍ മറ്റ് മാര്‍ഗങ്ങൾ തേടുകയാണ് വിമാനത്താവള അധികൃതര്‍.
കെണിയൊരുക്കിയ കൂടിന് സമീപം ചൊവ്വാഴ്‌ച രാത്രി 10.57ന് പുലി എത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും അവര്‍ പറഞ്ഞു. പുലിയെ ആകര്‍ഷിക്കാന്‍ കൂടിനുള്ളില്‍ നിര്‍ത്തിയ ആടിനെ ആഹാരമാക്കാതെ അത് തിരിച്ചുപോവുകയായിരുന്നു.
വിമാനത്താവളത്തിന് സമീപം നൂറുകണക്കിന് ഏക്കര്‍ ഭൂമി വെറുതെ കിടക്കുന്നുണ്ട്. ഇവിടെ ധാരാളം മരങ്ങളും പുല്ലുകളും വളര്‍ന്നുനില്‍ക്കുന്നുണ്ട്. ഇവിടെയാണ് പുള്ളിപ്പുലി വിഹരിക്കുന്നത്. ഇവിടെയുള്ള മറ്റ് മൃഗങ്ങളെ ഭക്ഷണമാക്കി കുളത്തിലെ വെള്ളം കുടിച്ചാണ് പുലി ജീവിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Also Read: പാലപ്പിള്ളിയിൽ പുലി റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം പുറത്ത്
രണ്ടുദിവസം കൂടി ഇതിനെ കൂട്ടിലാക്കാനുള്ള ശ്രമം തുടരുമെന്നും അധികൃതര്‍ പറഞ്ഞു. സാധിച്ചില്ലെങ്കില്‍ മയക്കുവെടിവച്ച് പിടികൂടുമെന്നും അധികൃതര്‍ വ്യക്തമാക്കി.