ജമ്മു കശ്‌മീർ: പുലിയുടെ ആക്രമണത്തിൽ നിന്ന് തന്‍റെ സഹോദരനെ രക്ഷിക്കാൻ മുന്നും പിന്നും നോക്കാതെ പോരാടി 12 വയസുകാരൻ അഖിബ്. ജമ്മു കശ്‌മീരിലെ ബുദ്ഗാമിലാണ് സംഭവം നടന്നത്. വൈകുന്നരം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ നേരെ പുലി പാഞ്ഞുകയറുകയായിരുന്നു. പുലിയിൽ നിന്ന് തന്‍റെ സഹോദരനെ രക്ഷിക്കാൻ വേണ്ടി അഖിബ് പോക്കറ്റിലുണ്ടായിരുന്ന ക്രിക്കറ്റ് ബോളെടുത്ത് പുലിയുടെ കണ്ണിന് നേരെ ആഞ്ഞിടിച്ചു. അടിയിൽ പുലിയുടെ പിടി വിട്ടു പക്ഷേ ആ പുലി അഖിബിന് നേരെ തിരിഞ്ഞു.
എന്ത് ചെയ്യുമെന്നറിയാതെ പേടിച്ച് നിന്നപ്പോൾ പെട്ടന്ന് അഖിബിന്‍റെ സുഹൃത്ത് ഇഷ്‌ടിക കൊണ്ട് പുലിയെ എറിഞ്ഞ് ബഹളം വെച്ചതോടെ ഗ്രമവാസികൾ ഓടിയെത്തി. ഗ്രാമവാസികൾ ചേർന്ന് പുലിയെ അവിടെനിന്ന് ഓടിച്ചുവിട്ടു. തന്‍റെ അനുജന്‍റെ ജീവൻ രക്ഷപ്പെടുത്തിയെങ്കിലും അഖിബിന് ആ നടുക്കം വിട്ട് മാറിയിട്ടില്ല. കാരണം അതേ ഗ്രമത്തിലെ ഒരു പെൺകുട്ടിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയിട്ട് അധികനാളായിട്ടില്ല.
തന്‍റെ അനുജന് ചികിത്സ ലഭിക്കാൻ വേണ്ട സൗകര്യങ്ങൾ ആ ഗ്രാമത്തിൽ ഇല്ലെന്നും, അതിനാൽ അടിയന്തിര വൈദ്യസഹായം തേടുന്നതിന് വളരെ ബുദ്ധിമുട്ടുകൾ നേരിട്ടെന്നും ഇടറിയ ശബ്‌ദത്തിൽ ആ പന്ത്രണ്ടുവയസുകാരൻ പറഞ്ഞു. മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ ദൂരെയുള്ള ആശുപത്രികളിൽ പോകണം. നെറ്റ്‌വർക്ക് പോലും ലഭ്യമല്ലാത്തതു മൂലം സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡ്രൈവറെ സമീപിക്കാനായില്ലെന്നും അവൻ പറഞ്ഞു.
Also read : കാട്ടുകൊമ്പനെ തുരത്താന്‍ വനം വകുപ്പ് ; സ്വാഗതം ചെയ്‌ത് 'പടയപ്പ' പ്രേമികൾ
തങ്ങളുടെ ആശങ്കകൾക്ക് പരിഹാരം വേണമെന്നും അഖിബ് ആവശ്യപ്പെട്ടു. കുട്ടികളുടെ അടക്കം സുരക്ഷ ഉറപ്പുവരുത്തണം, നാട്ടിൽ നെറ്റ്‌വർക്ക് സൗകര്യം ലഭ്യമാക്കണം, ഉപദ്രവകാരികളായ പുലികളെ ഇവിടെ നിന്ന് മാറ്റണം. ഇവയെല്ലാം സർക്കാർ ഉറപ്പ് വരുത്തണമെന്നും അഖിബ് കൂട്ടിച്ചേര്‍ത്തു.