ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് എന്നത് ഓരോ ഇന്ത്യക്കാരനും വേണ്ടിയുള്ള ശക്തമായ ജനാധിപത്യ ഉപകരണമാണെന്ന് രാഹുൽ ഗാന്ധി. ഇന്ത്യയിലെ ജനങ്ങളുടെ ശബ്‌ദം താൻ പാർലമെന്‍റിൽ ഉയർത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇൻസ്‌റ്റാഗ്രാം പോസ്‌റ്റിലാണ് രാഹുലിന്‍റെ പരാമര്‍ശം.
പോസ്‌റ്റിനൊപ്പം ഒരു വീഡിയോ സന്ദേശവും അദ്ദേഹം പങ്കുവെച്ചു. ലോക്‌സഭയിൽ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയ്‌ക്ക് ഒരു പ്രതിപക്ഷ നേതാവ് വരുന്നത്.
'എല്ലാ ഇന്ത്യക്കാരനും വേണ്ടിയുള്ള ഏറ്റവും ശക്തമായ ജനാധിപത്യ ഉപകരണമാണ് പ്രതിപക്ഷ നേതാവ്. പാർലമെന്‍റിൽ നിങ്ങളുടെ പ്രശ്‌നങ്ങൾ പൂർണ ശക്തിയോടെ ഉന്നയിക്കുന്നതിലൂടെ ഞാൻ നിങ്ങളുടെ ശബ്‌ദം ഉയർത്തുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു'- രാഹുല്‍ പറഞ്ഞു.
നീറ്റ് പരീക്ഷ പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെടുന്ന യുവാക്കളോട് രാഹുൽ ഗാന്ധി സംസാരിക്കുന്നതും അദ്ദേഹം പങ്കുവെച്ച സന്ദേശത്തിൽ കാണാം.
തുടർന്ന് ജൂൺ 28-ന് ലോക്‌സഭയിൽ രാഹുൽ ഗാന്ധി വിഷയം ഉന്നയിക്കുന്നതിന്‍റെ ക്ലിപ്പും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ജനുവരിയിൽ ജമ്മു കശ്‌മീരിലെ രജൗരി സെക്‌ടറിൽ ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട അഗ്നിവീർ അജയ് സിങ്ങിന്‍റെ (23) കുടുംബവുമായും മണിപ്പൂരിലെ അക്രമത്തിന് ഇരയായവരുമായും രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്‌ചകളുടെ ക്ലിപ്പുകളും വീഡിയോയില്‍ കാണാം.