വാരണാസി : ഗുണ്ടാത്തലവനും രാഷ്‌ട്രീയ നേതാവുമായ മുഖ്‌ദാർ അൻസാരി മരണപ്പെട്ടത് കൊണ്ട് ഇന്ന് ഹോളി ആഘോഷിക്കുമെന്ന് മുഖ്‌ദാർ അൻസാരി കൊല്ലപ്പെടുത്തിയ ബിജെപി എംഎൽഎ കൃഷ്‌ണാനന്ദ് റായിയുടെ ഭാര്യ അൽക്ക റായ്. ഭർത്താവിന്‍റെ മരണത്തിന് ശേഷം കുടുംബം ഹോളി ആഘോഷിച്ചിട്ടില്ല, ഇന്ന് മുതൽ തങ്ങൾ ആഘോഷിക്കുെമെന്നും അൽക്ക പറഞ്ഞു.
മുഖ്‌ദാർ അൻസാരിയുടെ മരണത്തോടെ ഭർത്താവിന് നീതി ലഭിച്ചു. എല്ലാം ദൈവത്തിന്‍റെ അനുഗ്രഹമാണ്. മുഖ്‌ദാർ അൻസാരി എന്ന കൊടും കുറ്റവാളി ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞു. അയാളുടെ ക്രൂരതകൊണ്ട് മാത്രം അനാഥരായ ഒരുപാട് ആളുകൾ ഇന്ന് വളരെ സന്തോഷത്തിലാണെന്നും അൽക്ക റായ് കൂട്ടിചേർത്തു.
മുഖ്‌ദാർ അൻസാരി ജയിലിൽ കഴിയവെയാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്ന് ജയിൽ അധികൃതർ പറഞ്ഞെങ്കിലും അദ്ദേഹം ജയിലിൽ സ്ലോപോയിസണിന് വിധേയനായിട്ടുണ്ടെന്ന ആരോപണവുമായി മകൻ ഉമർ അൻസാരി രംഗത്തെത്തിയിട്ടുണ്ട്. പിതാവിന്‍റെ പോസ്‌റ്റ്‌മോർട്ടം എപ്പോൾ നടത്തുമെന്ന കാര്യം അറിയില്ലെന്നും പോസ്‌റ്റ്‌മോർട്ടം നടന്നാലെ മരണത്തിലെ യഥാർഥ കാരണം മനസിലാകു എന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ വിവിധ കോടതികൾ 2022 സെപ്‌തംബർ മുതൽ എട്ട് കേസുകളില്ലായി അദ്ദേഹത്തിന് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് മുഖ്‌താര്‍ അൻസാരി ബന്ദ ജയിലിൽ തടവിലായത്. 2023 ൽ ഉത്തർപ്രദേശ് പൊലീസ് പുറത്തിറക്കിയ 66 ഗുണ്ടാസംഘങ്ങളുടെ പട്ടികയിൽ മുഖ്‌ദാര്‍ അൻസാരിയും ഉൾപ്പെട്ടിരുന്നു.
അന്‍സാരിയുടെ മരണത്തെ തുടര്‍ന്ന് മൗ, ഗാസിപൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ വലിയ ജാഗ്രതാനിർദേശമാണ് നൽകിയിട്ടുള്ളത്. മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഗാസിപൂരിലെ അദ്ദേഹത്തിന്‍റെ വസതിക്ക് പുറത്ത് നിരവധി ആളുകൾ എത്തിയിരുന്നു. അദ്ദേഹത്തെ ബന്ദ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതായി ജയിൽ അധികൃതർ അറിയിച്ചിരുന്നു. പക്ഷേ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അൻസാരിയുടെ അഭിഭാഷകൻ നസീം ഹൈദർ പറഞ്ഞു.