ചെന്നൈ (തമിഴ്‌നാട്) : കൃഷ്‌ണഗിരിയില്‍ വ്യാജ എന്‍സിസി ക്യാമ്പ് നടത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്‌മഹത്യ ചെയ്‌തു. നാം തമിഴര്‍ പാര്‍ട്ടി മുന്‍ എക്‌സിക്യൂട്ടീവ് അംഗം ശിവരാമന്‍ (30) ആണ് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ന് സേലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം.
കൃഷ്‌ണഗിരി കേസ് ഇങ്ങനെ : കൃഷ്‌ണഗിരി ജില്ലയിലെ ബര്‍ഗൂരിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 12കാരിയെയാണ് ശിവരാമന്‍ പീഡനത്തിന് ഇരയാക്കിയത്. പരിശീലകനെന്ന വ്യാജേനെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ഇടപെട്ടത്. അന്വേഷണത്തില്‍ 13 പെണ്‍കുട്ടികളെ ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
കേസില്‍ ശിവരാമന്‍ ഉള്‍പ്പെടെ 11 പേരെ പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കേസ് അന്വേഷിക്കാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ നിര്‍ദേശപ്രകാരം ഐജി ഭവാനേശ്വരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി ജയശ്രീ മുരളീധരന്‍റെ നേതൃത്വത്തില്‍ വിവിധോദ്ദേശ്യ സംഘത്തെയും രൂപീകരിച്ചിരുന്നു.
നേരത്തെ അന്വേഷണ സംഘം കൃഷ്‌ണഗിരിയിലെത്തി അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണ സംഘം കലക്‌ടറുമായും കൂടിക്കാഴ്‌ചയും നടത്തുകയുണ്ടായി. ശിവരാമന് കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും കേസില്‍ ഉള്‍പ്പെടുന്നതിന് മുന്‍പ് തന്നെ ഇയാള്‍ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചതായും കൃഷ്‌ണഗിരി എസ്‌പി തങ്കദുരൈ പറഞ്ഞു. ജൂലൈ 11നാണ് ഇയാള്‍ ആദ്യം ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചത്.
ഓഗസ്റ്റ് 18ന് വീണ്ടും ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു. 19നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. പിന്നാലെ താന്‍ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് സംഘമാണ് ശിവരാമനെ കൃഷ്‌ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം ശിവരാമനെ സേലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ചാണ് മരണത്തിന് കീഴടങ്ങിയത്.
ശിവരാമന്‍റെ അച്ഛന്‍ അശോക് കുമാര്‍ (61) ഇന്നലെ രാത്രി 11.30 വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇരുചക്ര വാഹനത്തില്‍ കാവേരിപട്ടണത്ത് നിന്ന് തിമ്മപുരം ഗാന്ധിനഗര്‍ ഭാഗത്തുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകട സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായാണ് വിവരം. മദ്യ ലഹരിയിലായിരുന്ന അശോക് കുമാര്‍ വാഹനത്തില്‍ നിന്ന് വീഴുകയായിരുന്നു.
Also Read: ഭാര്യ കുഴഞ്ഞുവീണ് മരിച്ചു; മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി